News

ചെന്നൈ സെന്‍ട്രല്‍-എയര്‍പോര്‍ട്ട് മെട്രോ പാത തുറന്നു

നഗരത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറന്ന് ചെന്നൈ സെന്‍ട്രല്‍ – എയര്‍പോര്‍ട്ട് മെട്രോ പാത പൂര്‍ണമായും തുറന്നു. ഒന്നാം ഇടനാഴിയുടെ അവസാന ഭാഗമായ നെഹ്‌റു പാര്‍ക്ക് – സെന്‍ട്രല്‍ മെട്രോ 2.5 കിലോമീറ്റര്‍ പാത, സെയ്ദാപെട്ട് – ഡിഎംഎസ് 4.35 കിലോമീറ്റര്‍ പാത എന്നിവ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് സ്പീക്കര്‍ പി.ധനപാല്‍, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മന്ത്രിമാരായ എം.സി.സമ്പത്ത്, എം.ആര്‍.വിജയഭാസ്‌കര്‍, സെല്ലൂര്‍ രാജു, ഡി.ജയകുമാര്‍, സെന്തില്‍ ബാലാജി, ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ, സിഎംആര്‍എല്‍ എംഡി പങ്കജ് കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനശേഷം പളനിസാമിയും ഹര്‍ദീപ് സിങ്ങും എഗ്മൂര്‍ സ്റ്റേഷനില്‍നിന്നു സെന്‍ട്രല്‍ സ്റ്റേഷനിലേക്കു മെട്രോയില്‍ യാത്ര ചെയ്തു.

രണ്ടാം ഇടനാഴി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതോടെ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിച്ചു. ഇതോടൊപ്പം സെയ്ദാപെട്ട്, നന്ദനം, തേനാംപെട്ട്, ഡിഎംഎസ് സ്റ്റേഷനുകളും പ്രവര്‍ത്തനം ആരംഭിച്ചു.

പാത തുറന്നതിനോട് അനുബന്ധിച്ചു ചെന്നൈ സെന്‍ട്രല്‍ മെട്രോ മുതല്‍ എയര്‍പോര്‍ട്ട് വരെയും തിരിച്ചുമുള്ള യാത്ര ഇന്നുകൂടി സൗജന്യമായിരിക്കുമെന്നു സിഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ഡിഎംഎസ് മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള യാത്രയും സൗജന്യമാണ്.

പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായാണിത്. നാളെ മുതല്‍ ടിക്കറ്റെടുക്കണം. ഇടയിലുള്ള സ്റ്റേഷനുകളില്‍ ഇറങ്ങിയാല്‍ തുടര്‍യാത്രയ്ക്കു ടിക്കറ്റ് തുക നല്‍കണം. സെന്‍ട്രല്‍ മെട്രോയില്‍നിന്ന് എയര്‍പോര്‍ട്ടിലേക്ക് എഴുപതു രൂപയാണു നിരക്കു നിശ്ചയിച്ചിരിക്കുന്നത്.

ഇന്നു നടക്കുന്ന അവസാനഘട്ട പരീക്ഷണയോട്ടത്തിനുശേഷം സെന്‍ട്രല്‍-എയര്‍പോര്‍ട്ട് റൂട്ടില്‍ സാധാരണനിലയില്‍ സര്‍വീസുകള്‍ ആരംഭിക്കും. സെന്‍ട്രല്‍ മുതല്‍ ആലന്തൂര്‍വരെ ഓരോ അഞ്ചു മിനിറ്റിലും സര്‍വീസുകളുണ്ടാവും.

സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് എയര്‍പോര്‍ട്ടുവരെ എഴുപതു രൂപയും എഗ്മൂറില്‍നിന്ന് അന്‍പതുരൂപയുമാണ് നിരക്ക്. സെന്‍ട്രലില്‍നിന്ന് എയര്‍പോര്‍ട്ട് വരെ നാല്‍പതു മിനിറ്റാണു യാത്രാസമയം. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു വിക്ടോറിയ കെട്ടിടത്തിനു സമീപമുള്ള അടിപ്പാതയിലൂടെ െസന്‍ട്രല്‍ മെട്രോ സ്റ്റേഷനില്‍ എത്താം.

എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് ഒന്‍പത്, പത്ത് പ്ലാറ്റ്‌ഫോമുകള്‍ കടന്ന് എംടിസി ബസ് സ്റ്റാന്‍ഡിനു സമീപമെത്തി മെട്രോ സ്റ്റേഷനിലെത്താം. കമ്മിഷണര്‍ ഓഫിസിന് എതിര്‍വശത്തായി പൂനമല്ലി റോഡിനോടു ചേര്‍ന്നും എഗ്മൂര്‍ മെട്രോ സ്റ്റേഷനിലേക്കു പ്രവേശന കവാടമുണ്ട്. സെയ്ദാപെട്ട്, നന്ദനം, തേനാംപെട്ട്, ഡിഎംസ് എന്നീ ഭൂഗര്‍ഭ സ്റ്റേഷനുകള്‍ മൗണ്ട്‌റോഡിനു സമീപത്തു തന്നെയാണു നിര്‍മിച്ചിട്ടുള്ളത്.