News

റെയിൽവെ സ്​റ്റേഷനുകള്‍ വഴി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും

രാജ്യ​ത്തെ റെയിൽവെ സ്​റ്റേഷനുകള്‍ വഴി ഇനി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും ലഭിക്കും. റെയിൽവെ സ്​റ്റേഷ​ന്‍റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂ​ടെയാണ്​ ഇവ ലഭിക്കുക. യാത്രക്കാർക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന്​ റെയിൽവെ ബോർഡ്​ അംഗീകാരം നൽകിയ പുതിയ ശൗചാലയ നയത്തിൽ വ്യക്തമാക്കുന്നു.

മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്​തത മൂലം സ്​റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകൾ തുറസ്സായ സ്​ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന​ ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങൾക്ക്​ പരിഹാരമായി​ റെയിൽവെ സ്​റ്റേഷന്​ അകത്തും പുറത്തും പുരുഷൻമാർക്കും സ്​ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമിക്കും​. ഈ ശൗചാലയങ്ങൾ വഴി ആർത്തവ ശുചിത്വത്തെ കുറിച്ചും ഗർഭ നിരോധന ഉപാധിയുടെ ഉപയോഗം സംബന്ധിച്ചും അവബോധം നൽകുന്നതിനും ശൗചാലയ നയത്തിൽ നിർദ്ദേശിക്കുന്നു.

ഓരോ ശൗചാലയങ്ങളിലും കുറഞ്ഞ ​ചിലവിൽ സ്​ത്രീകൾക്കുള്ള പാഡുകളും പുരുഷൻമാർക്കായി ഗർഭ നിരോധന ഉറകളും ലഭ്യമാക്കാൻ ചെറിയ കിയോസ്​കുകൾ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്​കിനുകൾ നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററും ഇവിടെ സ്​ഥാപിക്കുമെന്നും നയത്തിൽ വ്യക്തമാക്കുന്നു. കോർപറേറ്റ്​ സോഷ്യൽ റെസ്​പോൺസിബിലിറ്റി (സിഎസ്​ആർ) ഫണ്ട്​ ഉപയോഗപ്പെടുത്തിക്കൊണ്ട്​ പദ്ധതി നടപ്പിലാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. 8500 റെയില്‍വേ സ്​റ്റേഷനുകളിലാണ്​ പദ്ധതി നടപ്പാക്കുക.