Kerala

വൈക്കം ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

വേമ്പനാട്ട് കായല്‍ തീരത്തെ ബീച്ചില്‍ വൈക്കം നഗരസഭ സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷയാകും.

ചരിത്ര പ്രദര്‍ശനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപിയും, പുസ്തക മേള ഡിവൈഎസ്പി കെ സുഭാഷും ചിത്ര പ്രദര്‍ശനം മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം കെ ഷിബുവും കലാ സന്ധ്യയുടെ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മിയും നിര്‍വഹിക്കും. വൈകിട്ട് ആറ് മുതല്‍ പിന്നണിഗായകരായ ദേവാനന്ദ്, ജി ഹരിക്യഷ്ണന്‍, ഉദയ്രാമചന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന സ്മൃതി സംഗീതിക. 25 ന് വൈകിട്ട് നാലിന് വടക്കേനടയില്‍ നിന്ന് വര്‍ണപ്പകിട്ടാര്‍ന്ന സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിക്കും.

നിശ്ചലദ്യശ്യങ്ങളും വാദ്യമേളങ്ങളും മുത്തുക്കുടകളും കേരളീയ വേഷധാരികളായ കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കും. 5 ന് ടൂറിസം ഫെസ്റ്റ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ആശ എംഎല്‍എ അധ്യക്ഷയാകും.

ഡിസൈന്‍സ് മനോജിന്റെ വൈക്കംചരിത്ര വഴികള്‍ എന്ന പുസ്‌കത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടത്തും. വൈകിട്ട് ഏഴിന് തവില്‍ വിദ്വാന്‍ വൈക്കം കരുണാമൂര്‍ത്തി, വയലിന്‍ വിദ്വാന്‍ അഭിജിത്ത് പി എസ് നായര്‍ എന്നിവര്‍ നയിക്കുന്ന ലയതരംഗ്.

26 ന് വൈകിട്ട് നാലിന് വൈക്കത്തിന്റെ ടൂറിസം സാധ്യതകളും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍. ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് ഏഴിന് ആയാംകൂടി കതിര് നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദ്യശ്യാവിഷ്‌ക്കാരവും പൊന്തിമുഴക്കം. 27 ന് വൈകിട്ട് നാലിന് വൈക്കത്തിന്റെ സമഗ്ര വികസനം എന്ന വിഷയത്തില്‍ സെമിനാര്‍. എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റംഗം അഡ്വ. പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വൈക്കത്തെ കലാകാരന്മാരെ ആദരിക്കും. സമ്മേളനം വിപ്ലവഗായിക പി കെ മേദിനി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കൊച്ചിന്‍ സ്വരശ്രീ ചോക്ലേറ്റ് ടീം അവതരിപ്പിക്കുന്ന ചോക്ലേറ്റ് ഷോ. ഫെസ്റ്റിനോടനുബന്ധിച്ച് സര്‍ക്കാരിന്റേയും മറ്റ് സ്ഥാപനങ്ങളുടേയും 50ഓളം സ്റ്റാളുകള്‍ വഴി നിരവധി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തും.