Kerala

സുരക്ഷിത കേരളം സുന്ദരകേരളം : ആശങ്കയില്ലാതെ സഞ്ചാരികൾ

കോഴിക്കോട്ടെ നിപവൈറസ് ബാധ കേരളീയരില്‍ ആശങ്ക സൃഷ്ടിച്ചു എന്നത് ശരി തന്നെ. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പടര്‍ന്നത് പരിഭ്രാന്തിയാണ്. ഇതാകട്ടെ കേരളത്തെക്കുറിച്ച് അനാവശ്യ പേടി മറുനാട്ടുകാരില്‍ സൃഷ്ടിക്കാനും ഇടയാക്കി. വാസ്തവം തിരിച്ചറിയാതെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ കേരളത്തിന് ചെയ്യുന്ന ദ്രോഹവും ചെറുതല്ല.

ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രി പനിയില്ലന്നു പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ജോലിക്ക് കയറിയാല്‍ മതിയെന്ന് മലയാളി നെഴ്‌സുമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തിന് വന്‍ വരുമാനം നേടിത്തരുന്ന ടൂറിസത്തേയും വ്യാജപ്രചാരണം ബാധിക്കുന്നുണ്ട്.

വാസ്തവം തിരിച്ചറിയുക

കേരളമെമ്പാടും നിപ വൈറസ് ബാധിച്ച രോഗികളില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ പതിനാലു ജില്ലകളില്‍ ഒന്നായ വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര എന്ന സ്ഥലത്തെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം. ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ക്കാണ് രോഗബാധ.

പേരാമ്പ്രയിലും മലപ്പുറത്തും മരിച്ചവര്‍ക്ക് രോഗബാധയേറ്റത് രോഗീ സാമീപ്യത്തില്‍ നിന്നാണ്. എന്നാല്‍ രോഗം വേഗം തിരിച്ചറിയുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ വൈറസ് ബാധ വളരെവേഗം തടയാനായി. പുതിയ നിപാ രോഗികള്‍ ഇതോടെ ഇല്ലാതായി. എങ്കിലും സോഷ്യല്‍ മീഡിയയില്‍ രോഗബാധയ്ക്ക് കുറവില്ല.

രോഗബാധയെതുടര്‍ന്നു സോഷ്യല്‍ മീഡിയ സൃഷ്ടിച്ച പരിഭ്രാന്തിയില്‍ പേരാമ്പ്രയിലുള്ളവര്‍ വീടൊഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവിടം ശാന്തമാണ്. പോയവരൊക്കെ തിരികെ വീടുകളില്‍ മടങ്ങിയെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്തിട്ടും ഇവിടെയുള്ളവര്‍ മാസ്‌ക് ധരിക്കുന്നില്ല.

ജനജീവിതം പഴയപടി ആയിരിക്കുന്നു. ഇവിടെ പുതിയ നിപ ബാധിതര്‍ ഇല്ല. നിപയുടെ ആദ്യ ഇര പേരാമ്പ്രയില്‍ പുതുതായി വാങ്ങിയ സ്ഥലത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മുഹമ്മദ് സാബിതാണ് .

സഹോദരന്‍ സാലിഹും അടുത്ത ബന്ധു മറിയവും സാബിത്തിനെ പരിചരിച്ച നേഴ്‌സ് ലിനിയും മരിച്ചു. മരണമടഞ്ഞ മറ്റുള്ളവര്‍ ഇവര്‍ ചികിത്സയില്‍ കഴിഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരാണ് .

തഴച്ചു വളര്‍ന്ന അപവാദം

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നുണകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി തന്നെ നുണ പ്രചാരകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും അപവാദ പ്രചാരകര്‍ നുണകള്‍ അഴിച്ചുവിട്ടു. രാജ്യാന്തര മാധ്യമങ്ങളില്‍ പോലും കേരളത്തെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വരാന്‍ ഈ നുണ പ്രചാരണം ഇടയാക്കി.

സുരക്ഷിത കേരളം സുന്ദര കേരളം

കേരളം സഞ്ചാരികളുടെ പറുദീസയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ നുണ പ്രചാരണം ബാധിച്ചിട്ടില്ല. മാത്രമല്ല നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ ജനപ്രിയ ഇടങ്ങള്‍ക്കും കാതങ്ങള്‍ക്ക് അകലെയാണ്. ആരോഗ്യ സൂചികയില്‍ കേരളം അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളുടെ ശ്രേണിയിലാണ്.

മികച്ച ആശുപത്രികളും രോഗീ പരിചരണവുമാണ് കേരളത്തിന്റെ മുഖമുദ്ര. അതുകൊണ്ടാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന രോഗമായിട്ടുകൂടി തുടക്കത്തിലേ നിപ ബാധയെന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്.

മുന്‍പ് മലേഷ്യയിലും സിംഗപ്പൂരിലും നിപ എത്തിയപ്പോള്‍ രോഗകാരണം കണ്ടെത്താന്‍ ദിവസങ്ങള്‍ വേണ്ടി വന്നിരുന്നു. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിപ ഭീതി ബാധിച്ചിട്ടില്ല. വേനലവധി അവസാനിക്കാന്‍ പോകുന്നതിന്റെ തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എങ്ങും. വിദേശ വിനോദ സഞ്ചാരികള്‍ക്കും ആകുലതയില്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി കൂടുതല്‍ കാണാനുള്ള ശ്രമത്തിലാണ് അവര്‍ .