Food

നാവില്‍ കൊതിയൂറും നമ്മുടെ പലഹാരങ്ങള്‍ വന്ന വഴി

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോലെയാണ് ഇന്ത്യാക്കാരുടെ ഭക്ഷണത്തോടുള്ള ആവേശം. നൂറ്റാണ്ടുകളോളം വിദേശത്ത് നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള വിവിധ രാജപരമ്പരകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവരുടെ സംസ്‌കാരത്തിന് ഒപ്പം തന്നെ നല്ല രുചികരമായ വിഭവങ്ങളും അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

അവരുടെ ഭക്ഷണങ്ങള്‍ ഇവിടത്തുകാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ആ ഭക്ഷണങ്ങളൊക്കെ ഇവിടുത്തെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് നമ്മുടെ നാടന്‍ ഭക്ഷണമാക്കി മാറ്റി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എന്ന് നിങ്ങള്‍ കരുതിയിട്ടുള്ള എന്നാല്‍ പുറത്തുനിന്നെത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ഫില്‍ട്ടര്‍ കോഫി

ഫില്‍ട്ടര്‍ കോഫി എങ്ങനെ ഇന്ത്യന്‍ വിഭവം അല്ലാതെയാകും എന്നാണ് ആലോചിക്കുന്നത് അല്ലേ? 1950ല്‍ ചായ പ്രശസ്തമായി തുടങ്ങിയപ്പോള്‍ തന്നെയാണ് ഫില്‍ട്ടര്‍ കോഫിയും വ്യാപിച്ച് തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടില്‍ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബാബ ബുടാന്‍ ഇന്ത്യയില്‍ കള്ളക്കടത്തായി കോഫി കൊണ്ടു വന്നപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് ഇത് സുപരിചിതമായി തുടങ്ങിയത്. തിരിച്ചു വന്ന അദ്ദേഹം കാപ്പി കൃഷി തുടങ്ങി. അങ്ങനെ ഈ പാനീയം പ്രശസ്തിയാര്‍ജ്ജിച്ച് തുടങ്ങി. ഇന്ന് ഇന്ത്യാക്കാര്‍ പാലും പഞ്ചസാരയുമില്ലാതെ തന്നെ കാപ്പി കുടിക്കുന്നു. 1936ല്‍ കോഫി സെസ് കമ്മിറ്റി ആദ്യത്തെ കോഫി ഹൗസ് ബോംബൈയില്‍ സ്ഥാപിച്ചപ്പോഴാണ് ഫില്‍ട്ടര്‍ കോഫി പ്രശസ്തമായി തുടങ്ങിയത്.

സമൂസ

ഇന്ത്യക്കാര്‍ക്ക് ചായയ്ക്ക് കടി എന്നാല്‍ അത് സമൂസ തന്നെയായിരിക്കും. പെട്ടെന്ന് വിശപ്പ് ശമിപ്പിക്കാനും സമൂസ തന്നെയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണം. എന്നാല്‍ സമൂസ വാസ്തവത്തില്‍ ഒരു ഇന്ത്യന്‍ ഭക്ഷണമല്ല. ഉരുളക്കിഴങ്ങോ അല്ലെങ്കില്‍ ഇറച്ചിയോ നിറച്ച് ത്രികോണാകൃതിയില്‍ ഉണ്ടാക്കിയെടുക്കുന്ന സമൂസ ഇന്ത്യയിലെ എല്ലാ തെരുവുകളിലും ലഭ്യമാണ്. എന്നാല്‍ ഇത് അങ്ങ് മിഡില്‍ ഈസ്റ്റില്‍ നിന്നാണ് ഇന്ത്യയിലെത്തിയത്. 13-14 നൂറ്റാണ്ടില്‍ മധ്യപൂര്‍വേഷ്യയിലേയും പശ്ചിമേഷ്യയിലേയും വ്യാപാരികള്‍ ഇന്ത്യയില്‍ വന്നപ്പോഴാണ് സമൂസയും ഇവിടെയെത്തിയത്. ”സംബോസ” എന്നായിരുന്നു ഈ വിഭവത്തിന്റെ ശരിയായ പേര്. കഥയെന്തായാലും ഇന്ന് നമ്മുടെയെല്ലാവരുടെയും പ്രിയപ്പെട്ട പലഹാരമാണ് സമൂസ.

നാന്‍

പൊതുവെ ലോകത്തെല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നാന്‍. ഉത്തരേന്ത്യയിലെ ഒരു പ്രധാന വിഭവമാണ് നാന്‍. ഇത് ഇന്ത്യ എമ്പാടുമുള്ള നോര്‍ത്ത് ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ ലഭ്യമാണ്. കഴിഞ്ഞ ഇടയ്ക്കാണ് അമേരിക്കക്കാര്‍ക്കും യൂറോപ്യന്‍കാര്‍ക്കും നാനിനോടും ചിക്കന്‍ ടിക്കയോടും ഇഷ്ടം കൂടിയത്. എന്നാല്‍ നാന്‍ ഇന്ത്യന്‍ വിഭവമല്ല. മുഗള്‍ കാലഘട്ടത്തിലാണ് നാന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. നാന്‍ ഒരു പേര്‍ഷ്യനും അതേ സമയം ഒരു ഇറാനിയനുമായ വിഭവമാണ്. മൃദുവായും വായില്‍ അലിയുന്നതുമായ ഈ ബ്രെഡ് റോസ് വാട്ടര്‍, ഖൂസ് ഒക്കെ ഉപയോഗിച്ച് രുചികരമായി ഉണ്ടാക്കാം.

ജിലേബി

ഈ രുചിയേറിയ വിഭവത്തിന്റെ പേരിലൊരു ഐറ്റം നമ്പര്‍ തന്നെ ബോളിവുഡില്‍ ഉണ്ട്. എന്നാല്‍ ഇത് എങ്ങനെ ഇന്ത്യന്‍ വിഭവല്ലാതാകും?. എന്നാല്‍ ഇത് ഇന്ത്യനല്ല. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഒരു വിഭവമാണ്. പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് പല രൂപത്തിലും ലഭിക്കാറുണ്ട്. അറേബ്യയില്‍ ഇതിനെ സലാബിയ, പേര്‍ഷ്യയില്‍ ഇതിനെ സലീബിയ എന്നും പറയുന്നു. പേര്‍ഷ്യന്‍സാണ് ഇത് ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. ഇന്ന് ഇത് രാജ്യത്ത് പല രൂപത്തില്‍ ലഭിക്കുന്നുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ഇത് കനം കുറഞ്ഞ് ക്രിസ്പിയായിരിക്കും. എന്നാല്‍ സൗത്ത് ഇന്ത്യയില്‍ ഇത് വണ്ണമുള്ളതും പല രൂപത്തിലുള്ളതുമായിരിക്കും. ജാന്‍ഗിരി, ഇമാര്‍ത്തി എന്നീ രണ്ട് തരത്തിലുള്ള ജിലേബികള്‍ ഉണ്ട്.

ഗുലാബ് ജാമുന്‍

ഗുലാബ് ജാമുന്‍ എന്ന് കേട്ടാല്‍ തന്നെ വായില്‍ വെള്ളം നിറയും. പാലുത്പന്നമാണ് ഈ വിഭവം, ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് പാല്‍ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ്. ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാര ലായനിയില്‍ ചേര്‍ത്താണ് കഴിക്കുന്നത്. കലോറി നിറഞ്ഞ ഭക്ഷണമാണ് ഇത്. ഇത് ചൂടായോ തണുപ്പിച്ചോ കഴിക്കാം. ഇന്ത്യക്കാരുടെ ഈ പ്രിയപ്പെട്ട വിഭവം മെഡിറ്ററേനിയനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ് ഇവിടെയെത്തിയത്. ഈ പലഹാരത്തിന്റെ ശരിയായ പേര് ”ലുക്ക്മത് അല്‍ ഖ്വാതി” എന്നാണ്. ഉരുളകളായി ഉണ്ടാക്കിയെടുത്ത് തേനില്‍ മുക്കിയശേഷം ഇതില്‍ പഞ്ചസാര പൊടിച്ച് ഇടും. എന്നാല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇതിന്റെ ചേരുവകകളില്‍ കുറച്ച് പരീക്ഷണങ്ങള്‍ കൂടി നടത്തി ഇന്നത്തെ ഗുലാബ് ജാമുനിന്റെ രൂപത്തിലായി.