News

മധുരം കിനിയുന്ന മാമ്പഴം രുചിക്കാന്‍ യാത്ര പോകാം

മധുരം കിനിയുന്ന മാമ്പഴ തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി കര്‍ണാടക മാംഗോ ഡവലപ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ മാംഗോ പിക്കിങ് ടൂര്‍പാക്കേജിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. 27ന് ആദ്യ യാത്രയിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. നാല് ബസുകളിലായി 220 സീറ്റുകളാണ് ആകെയുള്ളത്.

ജൂണിലെ രണ്ടാംശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ യാത്ര ഒരുക്കിയിരിക്കുന്നത്. മാമ്പഴ തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ മാമ്പഴം വാങ്ങാനുള്ള സൗകര്യവും ഉണ്ട്. മാമ്പഴ ഉല്‍പാദനം ഏറെയുള്ള രാമനഗര, തുമക്കൂരു ജില്ലകളിലെ തോട്ടങ്ങളിലേക്കാണ് യാത്ര.

ഒരാള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ചുരുങ്ങിയത് ആറ് കിലോ മാമ്പഴമെങ്കിലും കര്‍ഷകരില്‍ നിന്ന് വാങ്ങണം. തിരഞ്ഞെടുപ്പ് തിരക്കിനെ തുടര്‍ന്നാണ് മാംഗോ പിക്കിങ് ടൂര്‍ യാത്രകള്‍ ആരംഭിക്കാന്‍ ഇത്തവണ വൈകിയത്. രാവിലെ ഒന്‍പതിനു കബ്ബണ്‍ പാര്‍ക്കിലെ വിശ്വേശ്വരയ്യ മ്യൂസിയം ഗേറ്റില്‍ നിന്നാണ് യാത്ര ആരംഭിക്കുക.

മാമ്പഴത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം കര്‍ഷകരുമായി ആശയവിനിമയം നടത്താനും അവസരമുണ്ട്.കോര്‍പറേഷനില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കര്‍ഷകരുടെ മാമ്പഴത്തോട്ടങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ താമസിക്കുന്നവര്‍ക്കാണ് അവസരമുള്ളത്. റജിസ്‌ട്രേഷന്‍ സമയത്ത് തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: www.ksmdmcl.org.