Tech

വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവും

 

വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയെന്ന് വാബീറ്റ ഇന്‍ഫോ ട്വീറ്റ് ചെയ്തു. വാട്‌സ്ആപ്പിന്‍റെ ഐഓഎസ് പതിപ്പ് 2.18.52ലും ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.145നു മുകളിലുള്ളവയിലുമാണ് പുതിയ ഫീച്ചര്‍ ലഭിച്ചുതുടങ്ങിയത്.

മൂന്ന് ആളുകളെയാണ് ഒരാള്‍ക്ക് ഗ്രൂപ്പ് വീഡിയോകോളില്‍ ചേര്‍ക്കാന്‍ കഴിയുക. ആരെയെങ്കിലും വീഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ വലത് ഭാഗത്ത് മുകളിലായി കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടന്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്റ്റാവും. അടുത്തിടെ നടന്ന എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പുതിയ ഗ്രൂപ്പ് വീഡിയോ കോളിങ് ഫീച്ചറും ഒപ്പം വാട്‌സ്ആപ്പ് സ്റ്റിക്കേഴ്‌സ് ഫീച്ചറും വാട്‌സ്ആപ്പിലേക്ക് എത്തുമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു.

വാട്‌സ്ആപ്പ് സ്റ്റിക്കേഴ്‌സ് ഫീച്ചര്‍ ഇതുവരെ കമ്പനി പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ചിലര്‍ക്ക് കിട്ടിത്തുടങ്ങിയെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സ്ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നീക്കമാണിത്. വാട്‌സ്ആപ്പ് തന്നെ നിശ്ചയിക്കുന്നവര്‍ക്കേ ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാവൂ.