Destinations

നാടോടികഥകളും വിശ്വാസങ്ങളും പേറുന്ന നീലപര്‍വതം

വടക്കു കിഴക്കൻ ഇന്ത്യയിലെത്തുന്ന സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം. കാടുകളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഹിൽ സ്റ്റേഷനുകളും ഒക്കെയായി യാത്രകരെ ആകര്‍ഷിക്കുന്ന ഇവിടെ വിനോദസഞ്ചാരികൾക്ക് അറിയാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. കണ്ണു തുറന്നു നോക്കുന്നവർക്ക് കാഴ്ചകളുടെ ഒരു വലിയ പൂരം തന്നെ ഒരുക്കുന്ന സംസ്ഥാനമാണ് മിസോറാം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

പകരം വയ്ക്കാൻ കഴിയാത്ത പാരമ്പര്യങ്ങളുള്ള ഇവിടെ സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമുണ്ട്. ഫോങ്പുയി അഥവാ നീലപർവതം. സമുദ്രനിരപ്പിൽ നിന്നും 2157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവതങ്ങളിലൊന്നാണ്. തലസ്ഥാനമായ ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കില്ല. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവതമാണിത്.

നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും പഴമപേറുന്ന പര്‍വതംകൂടിയാണിത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് അർഥം. ഗ്രേറ്റ് മെഡോ എന്നാണ് ഇത് അറിയപ്പെടുന്നത്. മിസോ ഗോത്രവർഗ്ഗക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവങ്ങൾ വസിക്കുന്ന ഇടം കൂടിയാണിത്. ലുഷായ് മലനിരകളിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ഫോങ്പുയി. അർധവൃത്താകൃതിയിലുള്ള കിഴക്കാംതൂക്കായ മലഞ്ചെരിവുകളാണ് ഇവിടുത്തെ പ്രത്യേകത.

മലമേടുകളിൽ കാണപ്പെടുന്ന പ്രത്യേകതരം ആടുകളാണ് ഇവിടുത്തെ താമസക്കാർ. മാത്രമല്ല, പ്രാദേശിക വിശ്വാസങ്ങളനുസരിച്ച് ആത്മാക്കളും ഭൂതപ്രേതങ്ങളും അധിവസിക്കുന്ന സ്ഥലമാണിതെന്നും വിശ്വാസമുണ്ട്. കുന്നുകളും പാറകളും ഒക്കെ നിറഞ്ഞിരിക്കുന്ന ഇവിടെ കാണാനായി ഒരുപാടുണ്ട്. കുത്തനെയുള്ള മലഞ്ചെരിവുകളും മനോഹരമായ ഭൂപ്രകൃതിയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.  ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഫോങ്പുയി ദേശീയോദ്യാനമാണ് ഇവിടുത്തെ മറ്റുആകര്‍ഷണം.

മിസോറാമിന്‍റെ നീലപർവതം എന്നറിയപ്പെടുന്ന ഫോഹ്പുയിയിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്. പർവതങ്ങളിൽ നിന്നുള്ള മഞ്ഞ് ഈ പ്രദേശത്തെയാകെ എല്ലായ്പ്പോഴും പൊതിഞ്ഞു നിൽക്കും. ഫോങ്പുയി ദേശീയോദ്യാനത്തിനകത്തായാണ് ഫോങ്പുയി മലനിരകൾ സ്ഥിതി ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന സസ്യ വർഗ്ഗങ്ങൾ മുതൽ കടുവ, കരടി, പുള്ളിപ്പുലികൾ തുടങ്ങിയവയെ ഇവിടെ കാണാം. നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്തു മാത്രമേ മിസോറാം സർക്കാർ ഫോങ്പുയി മലകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.

എങ്ങനെ എത്തിച്ചേരാം

ലിങ്കുയി എയർപോർട്ടാണ് മിസോറാമിലെ ഏക വിമാനത്താവളം. ഇവിടെ നിന്നും ഫോങ്പുയിലെത്താൻ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും ഇവിടെനിന്നും വിമാനങ്ങൾ ഉണ്ട്. ഐസ്വാളിൽ നിന്നും 158 കിലോമീറ്റർ അകലെയുള്ള സിൽച്ചാറാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ. റോഡ് വഴിയുള്ള യാത്രയാണ് ഇവിടേക്ക് നല്ലത്. നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ മിക്ക നഗരങ്ങളും ഇവിടവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.