അണ്‍ലിമിറ്റഡ് ഓഫറില്‍ ഇന്‍റര്‍നെറ്റ് വേഗതകൂട്ടി എയര്‍ടെല്‍

4ജി ഇന്‍റര്‍നെറ്റ് സേവനരംഗത്ത് റിലയന്‍സ് ജിയോയുടെ ശക്തരായ എതിരാളിയാണ് ഭാരതി എയര്‍ടെല്‍. ജിയോ പുതിയ ഓഫര്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നതോ ചിലപ്പോള്‍ അതിനേക്കാള്‍ ഏറെ മികച്ചതോ ആയ ഓഫര്‍ അവതരിപ്പിച്ച് മറുപടി നല്‍കുകയാണ് എയര്‍ടെല്‍.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന അണ്‍ലിമിറ്റഡ് ഓഫറില്‍ ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയ്ക്ക് പുറമെ ഉപയോഗിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് വേഗത സെക്കന്‍റില്‍ 128 കെബി ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇതോടെ ദിവസേനയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗ പരിധി കഴിഞ്ഞാലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

ജിയോയാണ് ഈ പ്രതിദിന ഉപയോഗ പരിധി എന്ന സമ്പ്രദായം അവതരിപ്പിച്ചത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഗം സാധ്യമാവുന്നു. ഓഫര്‍ അനുസരിച്ച് ലഭിക്കുന്ന പ്രതി ദിന ഉപയോഗ പരിധി കഴിഞ്ഞാല്‍ കുറഞ്ഞ വേഗതയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇതില്‍ സാധിക്കും. ജിയോയുടെ ആരംഭകാലത്ത് 128 കെബിപിഎസ് ആയിരുന്നു വേഗത. എന്നാല്‍ അത് 64 കെബിപിഎസ് ആയി കുറച്ചിരുന്നു.

സെക്കന്‍റില്‍ 128 കെബി വേഗതയില്‍ ഇന്‍റര്‍നെറ്റ് നല്‍കുന്നത് നിലവില്‍ ബിഎസ്എന്‍എലും എയര്‍ടെലും മാത്രമാണ്. എയര്‍ടെലിന്‍റെ 199, 249, 349, 399, 448 പ്ലാനുകളിലോ അതിന് മുകളിലുള്ള പ്ലാനുകളിലോ ഈ പുതിയ സൗകര്യം ലഭ്യമാവും. ശക്തമായ വെല്ലുവിളിയാണ് രാജ്യത്തെ ടെലികോം വിപണിയിലേക്ക് ഏറ്റവും ഒടുവില്‍ രംഗപ്രവേശം ചെയ്ത റിലയന്‍സ് ജിയോ ടെലികോം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.