News

രാജ്യത്തെ ശുചിത്വ നഗരങ്ങളില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്

രാജ്യത്തെ ശുചിത്വ നഗരങ്ങളില്‍ ഇന്‍ഡോര്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത്. ഏഴു വര്‍ഷം മുന്‍പ് ഏഷ്യയില്‍ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള 20 നഗരങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമാണ് ഇന്നു മുഖപ്രസാദമുള്ള നഗരമെന്ന പെരുമ നേടുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമാണ് ഇന്‍ഡോറിനെ വൃത്തിയുടെ ഇടമാക്കിയത്.

കൃത്യമായ ആസൂത്രണത്തോടു കൂടിയ ഖരമാലിന്യ നിര്‍മാര്‍ജനം, വീട്ടിലെത്തിയുള്ള മാലിന്യശേഖരണം, വലിയ തോതിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ഒപ്പം കര്‍ശനമായ നിയമനടപടികളും…ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഇന്‍ഡോറിനു പുതിയ ഭാവമായി.

ഇന്‍ഡോര്‍ വൃത്തിയുടെ ശീലങ്ങള്‍ കൃത്യമായി പാലിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ബോധവല്‍ക്കരണമായിരുന്നു ആദ്യ ഘട്ടം. ഈര്‍പ്പമുള്ളതും അല്ലാത്തതുമായ മാലിന്യങ്ങള്‍ വ്യത്യസ്ത ബാഗുകളില്‍ സൂക്ഷിക്കേണ്ടതിനെപ്പറ്റി പ്രത്യേക പരിശീലനം വീടുകള്‍ക്കു നല്‍കി.

ദേവഗുരാഡിയയിലെ പ്ലാന്റിലാണു മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്. പ്ലാസ്റ്റിക് ഒഴികെയുള്ള ഖരമാലിന്യങ്ങള്‍ അഞ്ഞൂറു മെട്രിക് ടണ്‍ വരെ പ്രതിദിനം ഇവിടെ സംസ്‌കരിച്ച് വളമാക്കുന്നു. നാഷനല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ് കമ്പനിക്ക് ഇതു കൈമാറുന്നു. സാവ്ഥക് എന്ന എന്‍ജിഒയുടെ പിന്തുണയോടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രം ആരംഭിച്ചു. ആക്രി പെറുക്കുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡും മറ്റും നല്‍കി.

ഇവര്‍ ശേഖരിക്കുന്ന മാലിന്യം സാവ്ഥക്കിന്റെ കേന്ദ്രത്തില്‍ കിലോയ്ക്ക് അഞ്ചു രൂപ നിരക്കില്‍ വാങ്ങുന്നു. ഇവ കഴുകി രണ്ടു ഘട്ടമായി സംസ്‌കരിക്കുകയാണു ചെയ്യുന്നത്. ചെറിയ കഷണങ്ങളായി മുറിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ റൂറല്‍ റോഡ് ഡവലപ്‌മെന്റ് കോര്‍പറേഷനു കൈമാറും. റോഡ് നിര്‍മാണത്തില്‍ ഇവ ഉപയോഗിക്കുന്നു.

മറ്റുള്ളവ പ്ലാന്റില്‍ കംപ്രസ് ചെയ്തു വലിയ പ്ലാസ്റ്റിക് ക്യൂബുകളായി മാറ്റുന്നു. ഇവ നൂറു കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ സിമന്റ് കമ്പനിയുടെ ഫാക്ടറിയില്‍ ഇന്ധനമായി മാറുന്നു. എന്‍ജിഒയ്ക്കു വരുമാനം ലഭിക്കുന്നത് ഇങ്ങനെ.

ഭാവിയില്‍ രാത്രികാലങ്ങളില്‍ റോഡിലെ പൊടി നീക്കം ചെയ്തു വൃത്തിയാക്കാന്‍ അത്യാധുനിക വാഹനങ്ങള്‍ നിരത്തിലെത്തും. മുന്‍പു ക്യുബിക് മീറ്ററില്‍ 140 മൈക്രോ ഗ്രാം പൊടിയുണ്ടായിരുന്ന അന്തരീക്ഷത്തില്‍ ഇന്ന് 70 മൈക്രോ ഗ്രാമായി കുറഞ്ഞു. രോഗങ്ങള്‍ക്കും ഏറെ കുറവുണ്ടായി. ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

10 വീതം സ്‌കൂള്‍- കോളജ്, ഹോട്ടല്‍ എന്നിവിടങ്ങളിലും മൂന്നു പ്രധാന പാര്‍പ്പിട കേന്ദ്രങ്ങളിലും ചെറിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കുന്നു. ദേവഗുരാഡിയയിലെ പ്ലാന്റില്‍ മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്കും തീരുമാനമായി. 20 മെഗാവാട്ട് പ്ലാന്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

നഗരത്തെ 19 സോണുകളായി തിരിച്ചാണ് പ്രവര്‍ത്തനം. ഓരോ സോണിലും ഒരു ചീഫ് സാനിറ്റേഷന്‍ ഓഫിസറുണ്ട്. മൂന്നു സോണുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഹെല്‍ത്ത് ഓഫിസറും, ഇവര്‍ക്കു മുകളില്‍ അ സി. കമ്മിഷണറും മുനിസിപ്പല്‍ കമ്മിഷണറും.

മാലിന്യം ശേഖരിക്കാന്‍ 400 ചെറിയ വാഹനങ്ങള്‍.. നഗരസഭയുടെ നേതൃത്വത്തില്‍ തയാറാക്കിയ ഇന്‍ഡോര്‍ സ്വച്ഛതാ ഗാനവുമായാണു വാഹനങ്ങള്‍ എത്തുന്നത്. ജനവാസ മേഖലയില്‍ ദിവസത്തില്‍ ഒരു തവണയും വ്യാപാര കേന്ദ്രങ്ങളില്‍ രണ്ടു തവണയും വാഹനമെത്തും. വ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ബയോ- മെഡിക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ആശുപത്രികളില്‍ വാഹനമെത്തുന്നു.