ദോഹയില്‍ സല്‍വാ- ദൂഖാന്‍ ഹൈവേ തുറന്നു

റവ്ദ റാഷിദ് റോഡ് വികസനപദ്ധതിയുടെ മൂന്നാം ഭാഗമായി സല്‍വ റോഡിനെയും ദൂഖാന്‍ ഹൈവേയെയും ബന്ധിപ്പിക്കുന്ന പാത തുറന്നു. പുതിയ പാത ഗതാഗതത്തിനു പൂര്‍ണ സജ്ജമാക്കിയാണ് തുറന്നുകൊടുത്തിരിക്കുന്നതെന്ന് അഷ്ഗാല്‍ തെക്കന്‍ പാതാ വിഭാഗം മേധാവി അഹമ്മദ് അല്‍ ഒബയ്ദ്ലി അറിയിച്ചു.

വടക്ക് റവ്ദ റാഷിദ് വില്ലേജ് റൗണ്ട് എബൗട്ട് മുതല്‍ ദൂഖാന്‍ ഹൈവേയിലെ ലിബ്സയ്യാര്‍ ഇന്റര്‍ചേഞ്ച് വരെ നീളുന്ന പാതയുടെ നീളം 14 കിലോമീറ്ററാണ്. ഇരുദിശകളിലും മൂന്നുവരി ഗതാഗതം സാധ്യമാണ്. ഏറ്റവും മുന്തിയ നിലവാരത്തിലാണ് നിര്‍മാണം.

ഈ റോഡില്‍ നിന്നു കിഴക്കോട്ടേക്ക് (അല്‍ ഷീഹാനിയ പ്രദേശത്തേക്ക്) മൂന്നു കിലോമീറ്റര്‍ നീളത്തില്‍ ഇരുവശങ്ങളിലും രണ്ടുവരി ഗതാഗതം സാധ്യമാകുന്ന അനുബന്ധ റോഡും നിര്‍മിച്ചിട്ടുണ്ട്. സുരക്ഷാവേലികള്‍, തെരുവുവിളക്കുകള്‍ എന്നിവയ്ക്കു പുറമേ 29 കിലോമീറ്റര്‍ നീളത്തില്‍ കുടിവെള്ള പൈപ്പുകളും 31 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുത കേബിളുകളും സ്ഥാപിച്ചിട്ടുണ്ട്.

ടെലികമ്യുണിക്കേഷന്‍ ശൃംഖലയ്ക്കായി മേഖലയില്‍ 100 കിലോമീറ്റര്‍ കേബിളും പാതയോരത്തു ചെടികള്‍ നനയ്ക്കാനായി 3.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഉപരിതല പൈപ്പുകളും സ്ഥാപിച്ചതായും അല്‍ ഒബയ്ദ്ലി പറഞ്ഞു. ബൂം കണ്‍സ്ട്രക്ഷന്‍ കമ്പനിയും ലോട്ടസ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയും ചേര്‍ന്നാണ് 38.45 കോടിയുടെ പാതനിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കിയത്.

റവ്ദ റാഷിദ് റോഡ് വികസനം മൂന്നുഘട്ടങ്ങളിലായി 33 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടിരിക്കുന്നത്. നാലാംഘട്ട വികസന ജോലികള്‍ 2019 അവസാനത്തോടെയേ പൂര്‍ണമാകൂ. റോഡിന്റെ ആരംഭ ഭാഗത്തും അവസാന ഭാഗത്തുമായാണ് നാലാംഘട്ട വികസന ജോലികള്‍ നടക്കുക. ട്രക്ക് ഗതാഗതത്തിനു പ്രാധാന്യമുള്ള പുതിയ പാത റവ്ദ റാഷിദിലെ ജനവാസകേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കിയാണ് കടന്നുപോകുന്നത്. 2016 ഒക്ടോബറിലാണ് റോഡ് വികസനത്തിനു തുടക്കമിട്ടത്.