Middle East

കത്തുന്ന വേനലിലും സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി അല്‍ നൂര്‍ ദ്വീപ്

മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍ നൂര്‍ ദ്വീപ്


പച്ചപുതച്ചുനില്‍ക്കുന്ന മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയില്‍ തീര്‍ത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കൂടൊരുക്കിയ പക്ഷികളാണ്. ദേശാടനക്കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യു.എ.ഇ.യിലെ തന്നെ അപൂര്‍വയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്. രാവും പകലുമായി പല ദേശങ്ങളില്‍നിന്ന് ഇവിടേക്ക് ദേശാടനക്കിളികളെത്തുന്നു.

ഈ പക്ഷിവൈവിധ്യം അതിഥികള്‍ക്ക് നേരിട്ടറിയാനുള്ള അവസരവും ഇപ്പോള്‍ അല്‍ നൂര്‍ ദ്വീപിലുണ്ട്. വേനല്‍ച്ചൂടില്‍ തണല്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്.

നേരത്തേ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി ദ്വീപിലെ വൃക്ഷങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

യു.എ.ഇ.യിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അല്‍ നൂര്‍ ദ്വീപിലാണ് രാജ്യത്തെ പക്ഷിവൈവിധ്യത്തിന്റ 10 ശതമാനവുമുള്ളത്. അല്‍ നൂര്‍ ദ്വീപിന്റെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍. പ്രകൃതിയുടെ തനിമയും ജൈവവൈവിധ്യവും സംരക്ഷിക്കുകയാണ് അല്‍ നൂര്‍ ദ്വീപിന്റെ ലക്ഷ്യം.

ഇതുപോലെയുള്ള പ്രദര്‍ശനങ്ങളിലൂടെ ആ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാവും” അല്‍ നൂര്‍ ദ്വീപ് മാനേജര്‍ മര്‍വ ഉബൈദ് അല്‍ ഷംസി പറയുന്നു. പ്രദര്‍ശനം രണ്ടുമാസം നീണ്ടുനില്‍ക്കും.

ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ ഫ്രന്റ് പാര്‍ക്കിനും അല്‍ മുന്‍തസ ഉദ്യാനത്തിനും ഇടയിലുള്ള ഈ ദ്വീപ്, ‘ശലഭ ദ്വീപ്’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഡാര്‍ക്ക് ബ്ലൂ ടൈഗര്‍, പീക്കോക് പാന്‍സി, ലൈം ബട്ടര്‍ഫ്ളൈ ഗ്രേറ്റ് എഗ് ഫ്ളൈ തുടങ്ങിയ അത്യപൂര്‍വയിനങ്ങളിലുള്ള ചിത്രശലഭങ്ങളെ ഇവിടെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ച ചിത്രശലഭങ്ങള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ വിധത്തില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയ ‘ബട്ടര്‍ ഫ്ലൈ ഹൗസി’ലാണ് ശലഭ കാഴ്ചകളുള്ളത്.

അല്‍ നൂര്‍ പള്ളിക്ക് സമീപത്തെ പാലം വഴിയാണ് ദ്വീപിലേക്കുള്ള പ്രവേശനം. ഫോസില്‍ റോക്കുകള്‍, നൂറ്റാണ്ടുകളുടെ പ്രായമുള്ള മരങ്ങള്‍, അപൂര്‍വയിനം കള്ളിമുള്‍ ചെടികള്‍, ലിറ്ററേച്ചര്‍ പവിലിയന്‍, കാറ്റിനനുസരിച്ച് നൃത്തമാടുന്ന വിവിധ വര്‍ണങ്ങളിലുള്ള കൊടികള്‍ തുടങ്ങി മറ്റനേകം കാഴ്ചകളും അല്‍നൂര്‍ ദ്വീപിലെത്തുന്നവര്‍ക്കു വിരുന്നൊരുക്കുന്നു.

കുട്ടികള്‍ക്കായുള്ള പാര്‍ക്കും െറസ്റ്റോറന്റും ദ്വീപിനകത്തുണ്ട്. രാത്രികളിലാണ് അല്‍ നൂര്‍ ദ്വീപ് ഏറ്റവും മനോഹരമാവുന്നത്. പുല്‍ത്തകിടിയില്‍ ഒളിപ്പിച്ചുവെച്ച വെളിച്ച സംവിധാനങ്ങള്‍ മിന്നാമിനുങ്ങിനെ പോലെ പ്രകാശം ചൊരിയുന്ന ദൃശ്യം ആരുടെയും മനം കവരും. മരങ്ങളിലും ചെടികളിലും ഉറപ്പിക്കുന്ന വര്‍ണ വൈവിധ്യങ്ങള്‍ക്കൊപ്പം പതിഞ്ഞ സംഗീതം കൂടിയാവുമ്പോള്‍ സഞ്ചാരികളുടെ ഹൃദയം നിറക്കുന്ന അന്തരീക്ഷമായി അവിടെ മാറും.

ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ദ്വീപിനു അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രകൃതിയില്‍ ലയിച്ചു നില്‍ക്കുന്ന വേറിട്ട കെട്ടിടമാതൃകയും ശ്രദ്ധേയമാണ്. രാവിലെ ഒന്‍പതുമുതലാണ് സന്ദര്‍ശകസമയം. പ്രവൃത്തിദിവസങ്ങളില്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ 12 വരെയും സന്ദര്‍ശകരെ സ്വീകരിക്കും. റംസാനില്‍ വൈകുന്നേരം മൂന്നുമുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. ബട്ടര്‍ഫ്ളൈ ഹൗസ് വൈകുന്നേരം ഏഴുമണിയോടെ അടക്കും.