Middle East

വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് ഇനി വിനോദ കേന്ദ്രമാകുന്നു

വെസ്റ്റ് വേ നോര്‍ത്ത് ബീച്ച് വികസന പദ്ധതിയുമായി ദോഹ പൊതുമരാമത്ത് വകുപ്പ്. ആകര്‍ഷകമായ ഒരു വാട്ടര്‍ഫ്രണ്ട് വിനോദകേന്ദ്രമായി ഇവിടം മാറ്റാനാണ് പദ്ധതി. ബീച്ച് പാര്‍ക്ക്, ഫാമിലി സോണ്‍, കായിക വിനോദങ്ങള്‍ക്ക് പ്രത്യേക മേഖലകള്‍, സൈക്കിള്‍ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് ഒരുക്കുന്നത്.

താമസക്കാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന, വിനോദ സഞ്ചാര – ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള ഒരു കേന്ദ്രമായി ഇവിടം വികസിപ്പിക്കാനാണ് പദ്ധതിയെന്ന് അഷ്ഘാല്‍ വെബ്സൈറ്റിലൂടെ അറിയിച്ചു.

പദ്ധതിക്കായി ഖത്തറിലെ കമ്പനികളില്‍നിന്നും അന്തരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ആര്‍ക്കിടെക്ടുകളില്‍ നിന്നും ഡിസൈന്‍ ക്ഷണിച്ചിട്ടുണ്ട്. ‘വിഷന്‍ കോംപെറ്റിഷന്‍ ഫോര്‍ വെസ്റ്റ് ബേ ബീച്ച് ഡെവലപ്മെന്റ് ‘ എന്ന പേരിലാണ് ഡിസൈനിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

പദ്ധതിയുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ത്രിമാന അനിമേഷന്‍ ചിത്രമാണ് സമര്‍പ്പിക്കേണ്ടത്. നഗരഭാഗത്ത് നിന്ന് വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് വാട്ടര്‍ ഫ്രണ്ടിലേക്ക് എത്താനുള്ള മാര്‍ഗങ്ങളും ഡിസൈനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

തിരഞ്ഞെടുക്കുന്ന പ്ലാനിന് 300,000 ഖത്തര്‍ റിയാല്‍ സമ്മാനമായി ലഭിക്കുമെന്നും അഷ്ഘാല്‍ അറിയിച്ചു. ജൂണ്‍ 11 -നകം പ്ലാന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അഷ്ഘാലിന്റെ വെബ്സൈറ്റില്‍ ലഭിക്കും.