Middle East

സൗദി വിസ ഫീസിളവ് പ്രാബല്യത്തില്‍: പട്ടിക പ്രസിദ്ധീകരിച്ചു

സൗദി അറേബ്യയിലേക്കുളള സന്ദര്‍ശന വിസ ഫീസ് ഇളവ് അനുവദിച്ച രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കാണ് വീസ ഫീസില്‍ ഇളവ് അനുവദിച്ചത്. ഇന്ത്യക്കാര്‍ക്ക് 2000 (35960 രൂപ)  റിയാല്‍ ആയിരുന്ന വിസ ഫീസ്. അത് 305 (5490 രൂപ) റിയാലാക്കി കുറച്ചായിരുന്നു സൗദിയുടെ പ്രഖ്യാപനം.

വിസ ഫീസിളവില്‍ മാറ്റം വരുത്തിയത് ഈ മാസം രണ്ടിനാണ് പ്രാബല്യത്തില്‍ വന്നത്. ഇതു സംബന്ധിച്ച് മുംബൈയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യലയം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച സൗദി വിദേശ കാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇതു പ്രകാരം റുമേനിയ, ഇന്തോനേഷ്യ, ക്രൊയേഷ്യ, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ, സൈപ്രസ് റഷ്യ, കാനഡ തുടങ്ങിയ ഇരുപതില്‍ പരം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും വിസ ഫീസില്‍ ഇളവു ലഭിക്കും. റഷ്യന്‍ പൗരന്‍മാര്‍ക്ക് 790 റിയാലും ആസ്ട്രേലിയക്കാര്‍ക്ക് 506 റിയാലുമാണ് ഇപ്പോഴത്തെ നിരക്ക്.

ഇന്ത്യയില്‍ നിന്നാണ് സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്. അതുകൊണ്ടുതന്നെ  വിസ ഫീസിളവിലൂടെ സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.