ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ പാര്‍ക്ക് ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ അല്‍ ഖവനീജില്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി പറഞ്ഞു. പാര്‍ക്ക് തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

പാര്‍ക്കിലെ അദ്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും കാണാന്‍ 10 ദിര്‍ഹം വീതം നല്‍കണം. സഹിഷ്ണുത, സ്‌നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് 60 ഹെക്ടറില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്‍റെ ഉദ്ദേശം. പാര്‍ക്കിലെ ഗ്ലാസ്ഹൗസില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മരുന്ന് ചെടികള്‍ പ്രത്യേക താപനിലയില്‍ സൂക്ഷിച്ചു വളര്‍ത്തും. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഏഴു അദ്ഭുതങ്ങളാണ് ‘കേവ് ഓഫ് മിറാക്കിള്‍സില്‍’ കാണാന്‍ സാധിക്കുക.

വൈദ്യശാസ്ത്രത്തിന് പ്രയോജനപ്രദമെന്ന് തെളിയിക്കപ്പെട്ട, ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന സസ്യങ്ങളും പച്ചമരുന്നുകളും ഉള്‍പ്പെടുത്തി 12 ഉദ്യാനങ്ങളും പാര്‍ക്കിലുണ്ടാകും. സൗരോര്‍ജപാനലുകള്‍, വൈ-ഫൈ സംവിധാനം, ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുങ്ങും.