Aviation

ഹെലികോപ്റ്ററുകളുടെ താവളമാകാന്‍ ഒരുങ്ങി ദുബൈ

മധ്യപൂർവദേശത്ത് വാണിജ്യ- വിനോദസഞ്ചാര യാത്രാ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നു. എണ്ണമേഖലയിലെ നിരീക്ഷണം, രക്ഷാദൗത്യങ്ങൾ, ടൂറിസം തുടങ്ങിയവയ്ക്കാണ് ഹെലികോപ്റ്ററുകള്‍ കൂടുതലും ഉപയോഗിക്കുന്നത്. 2027 ആകുമ്പോഴേക്കും വാണിജ്യാവശ്യത്തിനുള്ള ഹെലികോപ്റ്ററുകളുടെ വിപണി 1160 കോടി ഡോളറിന്‍റെ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിവർഷം 3.49% വീതം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മീഡിയം റേഞ്ച് മുതലുള്ള ഹെലികോപ്റ്ററുകൾക്കാണ് ആവശ്യം കൂടുതല്‍.

ഹെലികോപ്റ്റര്‍ സ്വീകാര്യതയ്ക്ക് ചുവടുപിടിച്ച് വന്‍പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് ദുബൈ. ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ഹെലികോപ്റ്റര്‍ സർവീസുകളുടെയും മുഖ്യകേന്ദ്രമാകും. ചരക്കുനീക്കത്തിനും യാത്രയ്ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജബൽഅലിയിലെ അൽ മക്തൂം വിമാനത്താവളം. വിവിധ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവിടെ സൗകര്യമൊരുക്കും.

ഇതിനു മുന്നോടിയായി നവംബർ ആറുമുതൽ എട്ടുവരെ ദുബൈ ഹെലിഷോ സംഘടിപ്പിക്കും. ഹെലികോപ്റ്റര്‍ മോഡലുകൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള രാജ്യാന്തര പ്രദർശനമേളയാണിത്. പ്രതിരോധ മന്ത്രാലയം, വ്യോമസേന, ദുബൈ സിവിൽ വ്യോമയാന അതോറിറ്റി, ദുബായ് എയർപോർട്സ്  എന്നിവയുടെ സഹകരണത്തോടെയാണ് ഹെലിഷോ.

പുതിയ മോഡൽ ഹെലികോപ്ടറുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം യാത്രയ്ക്കും മറ്റു ദൗത്യങ്ങൾക്കുമുള്ള സർവീസുകൾ തുടങ്ങുകയും ചെയ്യുമെന്ന് ഏവിയേഷൻ വിഭാഗം വൈസ് പ്രസിഡന്റ് തഹ്നൂൻ സെയിഫ് പറഞ്ഞു. അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിവിധ കേന്ദ്രങ്ങളിലേക്കു സർവീസ് ആരംഭിക്കും. എല്ലാത്തരം ഹെലികോപ്റ്ററുകൾക്കും ഇറങ്ങാൻ ഇവിടെ സൗകര്യമുണ്ട്. ഹെലികോപ്റ്റര്‍ സർവീസുകൾകൂടി വ്യാപകമാകുന്നതോടെ വ്യോമയാന സർവീസുകളുടെ രാജ്യാന്തര കേന്ദ്രമായി ദുബൈ മാറും