Destinations

വേനലിനെ തണുപ്പിക്കാന്‍ പോകാം ഇവിടങ്ങളിലേക്ക്

നാടും നഗരവും ചൂടില്‍ വെന്തുരുകുകയാണ്. എല്ലിനെപ്പോലും അലിയിപ്പിക്കുന്ന ചൂട്. ചൂടും അവധിയും കൂടിച്ചേര്‍ന്ന ഈ മെയ് മാസത്തില്‍ കുറച്ചു തണുപ്പുതേടി ഒറ്റക്കോ, കുടുംബമായോ യാത്ര ചെയ്‌തേക്കാം എന്നു ചിന്തിക്കുന്നവരുണ്ടാകും. എങ്കില്‍ മടിച്ചു നില്‍ക്കേണ്ട. ഈ പൊള്ളുന്ന വേനലില്‍ നിന്നും അല്‍പ്പം കുളിരേറ്റ് തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥതയോടെ പോകാന്‍ പറ്റിയ കുറച്ചിടങ്ങള്‍.

നൈനിറ്റാള്‍

മെയ് മാസത്തിലെ ചൂടില്‍ നിന്നും  ഓടി രക്ഷപ്പെടാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ മഞ്ഞു മൂടിയ മലകള്‍ നിറഞ്ഞ കൊച്ചു പട്ടണം.  ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ശേഷിപ്പുകള്‍ പേറുന്ന ഇവിടം, എക്കാലത്തും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ഹിമാലയത്തിലെ റിസോട്ട് നഗരം എന്നാണു നൈനിറ്റാള്‍ അറിയപ്പെടുന്നത്.

സാഹസിക പ്രേമികളാണ് ഇവിടെ കൂടുതലും എത്തിച്ചേരുന്നത്. പ്രകൃതി കനിഞ്ഞു നല്‍കിയ കാഴ്ച്ചകള്‍ക്കു പുറമേ  മനോഹരമായ ട്രക്കിങ്ങ് റൂട്ടുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കുടുംബമായി അവധി ആഘോഷിക്കാനാണ്  ഇവിടെ സഞ്ചാരികള്‍ എത്താറ്. ഉത്തരാഖണ്ഡിലെ മലനിരകളില്‍ ഏറ്റവും മുകളിലായി സ്ഥിതിചെയ്യുന്ന നന്ദദേവി ക്ഷേത്രം, നൈനിറ്റാള്‍ നദിയിലെ ബോട്ടിംഗ് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

കൂനൂര്‍

ഊട്ടിയ്ക്കു പകരം വെയ്ക്കാവുന്ന ഇടമാണ് ഊട്ടിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള കൂനൂര്‍. നീലഗിരി കുന്നുകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന്. തേയിലത്തോട്ടങ്ങള്‍കൊണ്ടും ഹെറിറ്റേജ് ഹോട്ടലുകള്‍കൊണ്ടുമൊക്കെ പ്രശസ്തമായ ഇവിടെ ഒട്ടേറെ വ്യൂ പോയിന്‍റ്കളും മനോഹരമായ സ്ഥലങ്ങളുമുണ്ട്.

തമിഴ്‌നാട്ടിലെ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഇടമാണ് കൂനൂര്‍. സമുദ്ര നിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തിലുള്ള കൂനൂര്‍ നീലഗിരി മലനിരകളില്‍ രണ്ടാം സ്ഥാനത്താണ്. നീലഗിരി കുന്നുകളെ കേന്ദ്രീകരിച്ച് ഇവിടെ ധാരാളം ട്രക്കിങ്ങുകള്‍ നടത്താറുണ്ട്.  ട്രക്കിങ്ങുകളുടെ തുടക്ക സ്ഥലമായി മിക്കവരും തിരഞ്ഞെടുക്കുന്നത് കൂനൂറിനെയാണ്. പ്രശസ്തമായ ഊട്ടി- മേട്ടുപ്പാളയം ടിനിടോയ് ട്രെയിന്‍ കടന്നുപോകുന്നത് കൂനൂര്‍ വഴിയാണ്

കല്‍സുബായ് ശിഖിര്‍

സമ്മര്‍ ഡെസ്റ്റിനേഷനുകളില്‍ ഏറെ പേരു കേള്‍ക്കാത്ത ഒരിടമാണ് മഹാരാഷ്ട്രയിലെ കല്‍സുബായ് ശിഖിര്‍. സമുദ്രനിരപ്പില്‍ നിന്നും 5400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ്. കല്‍സുബായ് മഹാരാഷ്ട്രയിലെ എവറസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.

ഒട്ടേറെ ട്രക്കിങ് സൗകര്യമുള്ള ഇവിടം ആളുകളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന റൂട്ടുകളിലൊന്നാണ്. ബാരി എന്ന ഗ്രാമം കടന്നാണ് ഇവിടേയ്ക്കു എത്തേണ്ടത്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന കല്‍സുബായ് ക്ഷേത്രം വിശ്വാസികളുടെ പ്രിയഇടമാണ്. ട്രാക്കിങ്ങുകാരെ കൂടാതെ ക്ഷേത്ര സന്ദര്‍ശനത്തിനായും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഇഗ്ടാപുരി താലുക്കിലും അഹമ്മദ്‌നഗര്‍ ജില്ലയിലെ അകോലെ താലുക്കിലുമായാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്.

മൗണ്ട് അബു

രാജ്സ്ഥാന്‍ എന്നു കേള്‍ക്കുമ്പോള്‍ പൊടിയും മണലും നിറഞ്ഞ  രൂപമാണ് ആരുടെയും മനസ്സില്‍ പെട്ടെന്ന് വരിക. കൊട്ടാരങ്ങളും കോട്ടകളും മരുഭൂമിയുമുള്ള ഇവിടം സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ് രാജസ്ഥാനിലെ മൗണ്ട് അബു. രാജസ്ഥാനിലെ ഏക ഹില്‍ സ്‌റ്റേഷനായ മൗണ്ട് അബു രാജസ്ഥാനിലെ കനത്ത ചൂടില്‍ നിന്നും സഞ്ചാരിക്ക് ആശ്വാസം പകരുന്ന ഇടമാണ്.

ആരവല്ലി മലനിരകള്‍ക്കു മുകളില്‍ പലിയ പാറക്കൂട്ടങ്ങള്‍ക്കു നടുവിലായാണ് ഈ ചെറിയ ഹില്‍ സ്റ്റേഷനുള്ളത്. സന്ദര്‍ശകര്‍ക്ക് ഏറെ നല്ല കാഴ്ചകള്‍ സമ്മാനിക്കുന്ന ഇവിടെ വാസ്തുവിദ്യയുടെ അത്ഭുതങ്ങളായ ഒട്ടേറെ കാഴ്ചകളും ഉണ്ട്. വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളും മാര്‍ബിളുകള്‍ കൊണ്ട് നിര്‍മ്മിച്ച പഴയ കാല നിര്‍മിതികളുടെ ചുവരുകളും ഇവിടെ കാണാന്‍ സാധിക്കും.

കൂര്‍ഗ്

കാപ്പി തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ പച്ചപ്പ് പൊതിഞ്ഞ കര്‍ണ്ണാട ഗ്രാമം. എതു ചൂടില്‍ ചെന്നാലും ഉള്ളുകുളിര്‍പ്പിക്കുന്ന തണുപ്പുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന കൂര്‍ഗ് വേനല്‍ക്കാലങ്ങളില്‍ സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ്. ഇന്ത്യയുടെ സ്‌കോട്‌ലന്‍ഡ് എന്നും കര്‍ണ്ണാടകത്തിന്‍റെ കാശ്മീരെന്നും  അറിയപ്പെടുന്ന കൂര്‍ഗിന് കാപ്പിയുടെയും ഓറഞ്ചിന്‍റെയും ഗന്ധമാണുള്ളത്. ഹണിമൂണ്‍ ആഘോഷിക്കാനാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്. യുവാക്കളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്.

കൂര്‍ഗിലെ പ്രധാന ടൗണാണ് മടിക്കേരി. സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ചെലവ് കുറഞ്ഞ നിരവധി ഹോട്ടലുകള്‍ മടിക്കേരി ടൗണില്‍ തന്നെ ലഭ്യമാണ്. കൂര്‍ഗില്‍ എത്തിക്കഴിഞ്ഞാല്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു സ്ഥലമാണ് തലക്കാവേരി. മടിക്കേരിയില്‍ നിന്ന് 48 കിലോമീറ്റര്‍ ആണ് തലക്കാവേരിയിലേക്കുള്ള ദൂരം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനം എന്ന് കരുതപ്പെടുന്ന ഈ സ്ഥലം തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ബ്രഹ്മഗിരി, ഭാഗമണ്ഡല, ഗദ്ദിഗ, നിസര്‍ഗദാമ, രാജാസീറ്റ്, ബൈലക്കുപ്പ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങള്‍.