ഇന്ത്യന്‍ വിനോദസഞ്ചാരികളെ നോട്ടമിട്ട് ഖത്തര്‍: മുംബൈയില്‍ ഓഫീസ് തുറന്നു

വിനോദസഞ്ചാര മേഖലയില്‍ വികസനത്തിനൊരുങ്ങി ഖത്തര്‍. ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മുംബൈയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി പുതിയ ഓഫീസ് തുറന്നു. ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല എന്ന തീരുമാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നിലവില്‍ വന്നത്. തുടര്‍ന്ന് ഖത്തറില്‍ എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി.

ഒരുമാസത്തെ താമസത്തിനാണ് വിസ ആവശ്യമില്ലാത്തത്. രാജ്യത്തെത്തുമ്പോള്‍ ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും വേണമെന്ന് മാത്രമാണ് നിബന്ധന. പിന്നീട് 30 ദിവസത്തേക്കുകൂടി ഈ വിസ നീട്ടാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഖത്തര്‍ ടൂറിസം മുംബൈയില്‍ ഓഫീസ് തുറന്നത്.

ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് ഏറെ ഗുണകരമാകുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി മാര്‍ക്കറ്റിങ് മേധാവി റാശിദ് അല്‍ ഖുറേസ് പറഞ്ഞു. സംസ്‌കാരംകൊണ്ടും പാരമ്പര്യംകൊണ്ടും ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്ന നിരവധി സവിശേഷതകള്‍ ഖത്തറിനുണ്ടെന്നും റാശിദ് അല്‍ ഖുറേസ് പറഞ്ഞു. ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തം, ശില്‍പശാലകള്‍, മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി വിവിധയിനം പരിപാടികളാണ് പുതിയ ഓഫീസ് വഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഈ വര്‍ഷം ഇതുവരെയായി 1,13,000 ഇന്ത്യന്‍ സന്ദര്‍ശകരാണ് ഖത്തറില്‍ എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യയിലെ ഒമ്പതു നഗരങ്ങളിലേക്കായി പ്രതിവാരം 100 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേസ് നടത്തുന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്നവ കൂടി കൂട്ടുമ്പോള്‍ ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആഴ്ചതോറും നടത്തുന്നത് 174 സര്‍വീസുകളാണ്.