രാജ്യത്തെ മനോഹര റെയില്‍വേ സ്‌റ്റേഷനുകളായി ചന്ദ്രാപുര്‍, ബല്ലാര്‍പുര്‍

ചന്ദ്രാപുര്‍ ജില്ലയിലെ ചന്ദ്രാപുര്‍, ബല്ലാര്‍പുര്‍ റെയില്‍വേ സ്റ്റേഷനുകളെ രാജ്യത്തെ എറ്റവും മനോഹര സ്റ്റേഷനുകളായി റെയില്‍വേ മന്ത്രാലയം തിരഞ്ഞെടുത്തതായി ധനമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാര്‍ അറിയിച്ചു. ജില്ലയുടെ രക്ഷാകര്‍തൃമന്ത്രി കൂടിയാണ് മുന്‍ഗന്‍തിവാര്‍. ഒരുവര്‍ഷം മുന്‍പാണ് ഇരുസ്റ്റേഷനുകളും മോടിപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. നാഗ്പുരിലെ ചിത്രകലാ മഹാവിദ്യാലയത്തില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളുടെ സംഭാവനയാണ് പ്രധാനം.

ബല്ലാര്‍പുര്‍ സ്റ്റേഷനിലെ ചവിട്ടുപടികളിലുള്ള കടുവയുടെ ചിത്രം ഒട്ടേറെപ്പേരെ ആകര്‍ഷിക്കുന്നു. ‘കടുവ’യുമൊത്തുള്ള സെല്‍ഫിയെടുക്കാതെ യാത്രക്കാരാരും ഇവിടെനിന്നു പോകാറില്ലെന്നും മുന്‍ഗന്‍തിവാര്‍ പറഞ്ഞു. ഇരുസ്റ്റേഷനുകളും കൈവരിച്ച നേട്ടത്തെക്കുറിച്ചു മന്ത്രി പീയുഷ് ഗോയല്‍ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് മുന്‍ഗന്‍തിവാര്‍ പറഞ്ഞു.