News

യാത്രാക്ലേശത്തിനു പരിഹാരം: ചെന്നൈ-എറണാകുളം കെഎസ്ആര്‍ടിസി ഉടനെ

ഉത്സവകാല സീസണുകളില്‍ ചെന്നൈയില്‍ നിന്നും നാട്ടിലെത്താന്‍ ടിക്കെറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കെഎസ്ആര്‍ടിസി ഒരു മാസത്തിനുള്ളില്‍ ചെന്നൈയില്‍ നിന്നും സര്‍വീസ് നടത്തും. ചെന്നൈ-എറണാകുളം സ്ഥിരം സര്‍വീസ് കൂടാതെ ഓണമടക്കമുള്ള ഉത്സവകാലങ്ങളിലും മധ്യവേനലവധിക്കാലത്തും പ്രത്യേക സര്‍വീസുകള്‍ നടത്താനും തീരുമാനമായി.

അടുത്ത ദിവസങ്ങളില്‍ വിജ്ഞാപനം പുറത്തിറങ്ങും. സര്‍വീസിനുള്ള ബസുകളും തയ്യാറായി വരുന്നു. ചെന്നൈ, ബെംഗളൂരു നഗരങ്ങളിലെ മലയാളികള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ വേനല്‍ക്കാലത്ത് 16 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ഇതില്‍ കൂടുതലും ബെംഗളൂരുവിലേക്കാണ്. ചെന്നൈയിലേക്ക് ഒരു സര്‍വീസാണുള്ളത്. ചെന്നൈ-എറണാകുളം റൂട്ടിലാണത്.

ഇതുകൂടാതെ ഓണം, പുതുവത്സരം, പൂജ, ക്രിസ്മസ്, ദീപാവലി, പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. ഒരോ ഉത്സവകാലങ്ങളിലും 15 ദിവസമായിരിക്കും സര്‍വീസ്. മധ്യവേനലവധിയോടനുബന്ധിച്ച് മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെയായിരിക്കും ഒരോ വര്‍ഷവും സര്‍വീസ് നടത്തുക. വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ആക്ഷേപങ്ങള്‍ സ്വീകരിക്കും. അത് കഴിഞ്ഞാല്‍ വേണ്ട തിരുത്തലുകള്‍ വരുത്തി സര്‍സുകള്‍ തുടങ്ങാന്‍ സാധിക്കും.

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ വൈകിയാണെങ്കിലും ഇത്തവണതന്നെ വേനലവധിക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. സേലം, കോയമ്പത്തൂര്‍, പാലക്കാട് റൂട്ടിലാണ് ചെന്നൈ-എറണാകുളം സര്‍വീസ് നടത്തുക. പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്കുള്ളവര്‍ക്കും പുതിയ സര്‍വീസ് പ്രയോജനപ്പെടും.