News

ലിഗയുടെ മരണം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന

വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായാണ് വിവരം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന്  പൊലീസ് സൂചന നല്‍കി. അതിനിടെ ലിഗയുടെ കയ്യിലുള്ള പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്.

കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ഇത്തരമൊരു മൊഴി നൽകിയതായാണ് വിലയിരുത്തൽ. തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്. ബോട്ടിങ്ങിനാണെന്നു പറഞ്ഞാണ് ലിഗയെ കണ്ടല്‍ കാട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ള ഒരാള്‍ സമ്മതിച്ചിരുന്നു. ആറു ദിവസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിലാണു ഇവര്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്.

അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന. കണ്ടല്‍കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം.

അതേസമയം, ലിഗയുടെ സഹാദരി ഇലീസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരേ പരാതി നൽകിയവരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വ്യാജ പരാതിയാണോയെന്ന് പരിശോധിച്ച ശേഷം മാത്രം ആരോപണത്തെക്കുറിച്ച് അന്വേഷിച്ചാൽ മതിയെന്നാണ് പൊലീസ് തീരുമാനം.