News

ലിഗയുടെ മരണം: രാസപരിശോധനാ ഫലം ഉടന്‍ ലഭിക്കും

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഉടന്‍ ലഭിക്കും. മരിച്ചതു ലിഗയാണെന്നു ഡിഎൻഎ പരിശോധനയിലും കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമാണു വൈകുന്നത്. ഡിജിപിക്കു കീഴിലെ ഫൊറൻസിക് ലാബിലാണു പരിശോധന നടക്കുന്നത്. ഒരുമാസം പഴകിയ മൃതശരീരത്തിന്‍റെ പരിശോധന ആയതിനാലാണു റിപ്പോർട്ട് വൈകുന്നതെന്നു പൊലീസ് പറഞ്ഞു. വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതെല്ലം ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.

മാനഭംഗശ്രമം ചെറുത്തതിനെ തുടർന്നുണ്ടായ ബലപ്രയോഗമാണു മരണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. എന്നാൽ, ലിഗ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കണ്ടൽക്കാട്ടിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങളും മുടി ഉൾപ്പെടെ തെളിവുകളും കസ്റ്റഡിയിൽ ഉളളവരുടേതാണെന്നു തെളിഞ്ഞാലുടൻ അറസ്റ്റ് എന്നാണു പൊലീസ് പറയുന്നത്. തലമുടിയും വിരലടയാളങ്ങളും ഫൊറൻസിക് വിഭാഗം പരിശോധിക്കുകയാണ്.