News

കേരള ടൂറിസത്തിനെതിരെ പ്രചരണം; അശ്വതി ജ്വാലയ്ക്കെതിരെ അന്വേഷണം ; ലിഗയുടെ മരണം കൊലപാതകമെന്നതിനു കൂടുതല്‍ തെളിവുകള്‍

വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരത്തെ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരേ അന്വേഷണം. ഇതു സംബന്ധിച്ച് ഐജി മനോജ്‌ എബ്രഹാമിന് ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദേശം നല്‍കി.

കോവളം പനങ്ങാട് സ്വദേശി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തി 3.8 ലക്ഷം രൂപ കൈപറ്റിയെന്നാണ് പരാതി. അശ്വതിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കെതിരെ ദുഷ്പ്രചരണത്തിനും അശ്വതി ജ്വാല ശ്രമിച്ചെന്ന് പരാതിയിലുണ്ട്.

അതേസമയം, ലിഗയുടെ മരണം കൊലപാതകമെന്നു സംശയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കഴുത്തിലെ തരുണാസ്ഥി പൊട്ടിയാണ് ലിഗയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്നാണ് ഇത് നല്‍കുന്ന സൂചന. കഴുത്തു ഞെരിച്ചതിന്‍റെ അടയാളങ്ങളുമുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടനുണ്ടാകുമെന്നാണു വിവരം.