ദുബൈയുടെ ഓളപ്പരപ്പില്‍ ഇനിമുതല്‍ യോട്ടും

യോട്ട് ടൂറിസത്തിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി ദുബൈ. വിനോദസഞ്ചാരികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്രൂസ് ടൂറിസത്തിനു പിന്നാലെ യോട്ട്‌ ടൂറിസത്തിലേയ്ക്കും ദുബൈ ചുവടുവേയ്ക്കുന്നത്.

യോട്ട് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ഉല്ലാസയാത്രകൾക്കും അവസരമൊരുക്കി ജലവിനോദങ്ങളുടെ മുഖ്യകേന്ദ്രമാക്കി ദുബൈയിയെ മാറ്റാനുള്ള കർമ പരിപാടികൾക്കു രൂപം നൽകാൻ അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച ശിൽപശാലയിൽ തീരുമാനിച്ചു.

ദുബൈ ടൂറിസം സംഘടിപ്പിച്ച പരിപാടിയിൽ യോട്ട് നിർമാതാക്കൾ, യോട്ട് പാക്കേജ് സംഘടിപ്പിക്കുന്നവർ, ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റി, എമിഗ്രേഷൻ, ദുബായ് കോസ്റ്റ് ഗാർഡ്, ദുബായ് സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾ സംഘടിപ്പിക്കാൻ ദുബൈ തയാറെടുക്കുകയാണ്.

ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. 2021 ആകുമ്പോഴേക്കും യോട്ട് മേഖലയിൽ രാജ്യാന്തര തലത്തിൽ 7470 കോടി ഡോളറിന്‍റെ നിക്ഷേപമുണ്ടാകുമെന്നാണ് ദുബൈ ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.