Food

കൊച്ചു കിച്ച… കിച്ചണിലെ വലിയ കിച്ച..

കിച്ചയ്ക്ക് പ്രായം ഏഴു വയസായതേയുള്ളൂ. കൊച്ചിയിലെ ചോയ്സ് സ്കൂളില്‍ രണ്ടാം ക്ലാസില്‍ നിന്ന് മൂന്നാം ക്ലാസിലേക്ക് പോകാനൊരുങ്ങുന്നു. മണ്ണപ്പം ചുട്ടോ കുട്ടികള്‍ക്കൊപ്പം കഞ്ഞീം കറിയും വെച്ചോ കളിക്കേണ്ട പ്രായം എന്നോ പറഞ്ഞു പോകാന്‍ വരട്ടെ. ആള്‍ ചില്ലറക്കാരനല്ല. ഏഴു വയസിനിടെ ലോകത്തിലെ പ്രമുഖ ടിവി ഷോകളിലൊക്കെ കിച്ച പങ്കെടുത്തുകഴിഞ്ഞു. ഫേസ്ബുക്ക് ലക്ഷങ്ങള്‍ നല്‍കി കിച്ചയുടെ ഒരു വീഡിയോ വാങ്ങി. കിച്ചട്യൂബ് എന്ന യൂ ട്യൂബ് ചാനലില്‍ നിന്നും പ്രതിമാസം ലക്ഷങ്ങള്‍ വേറെയും വരുമാനം. അങ്ങനെ ശരിക്കും വിസ്മയക്കുരുന്നാണ് നിഹാല്‍ രാജ് എന്ന കിച്ച.

ലോകം നമിച്ച കിച്ച

അമേരിക്കയിലെ എന്‍ബിസി ചാനലിലെ ലിറ്റില്‍ ബിഗ്‌ ഷോട്സ് പരിപാടിയാണ് ഏറ്റവും ഒടുവില്‍ കിച്ച ചെയ്തത്. ലോക പ്രശസ്ത ടെലിവിഷന്‍ ആങ്കര്‍ സ്റ്റീവ് ഹാര്‍വെയ്ക്കൊപ്പമായിരുന്നു കിച്ചയുടെ മിന്നും പ്രകടനം. ലിറ്റില്‍ ബിഗ്‌ ഷോട്സില്‍ പങ്കെടുത്ത പ്രായം കുറഞ്ഞ താരമാണു കുഞ്ഞു കിച്ച. കോക്കനട്ട് മുസ്സെയും ഫലൂദയുമാണ്‌ കിച്ച പരിപാടിയില്‍ തയ്യാറാക്കിയത്. കുട്ടികളുടെ പാട്ടുകാരിയായ അല്‍ സ്റ്റാര്‍ട്ടിന്‍റെ പോപ്പുലര്‍ ഗാനം പാടിയായിരുന്നു കിച്ചയുടെ പാചകം. എലെന്‍ ഷോ,ലിറ്റില്‍ ബിഗ്‌ ഷോട്സ് യുഎസ്എ എന്നിവയ്ക്ക് പുറമേ ലിറ്റില്‍ ബിഗ്‌ ഷോട്സ് യുകെ,ലിറ്റില്‍ ബിഗ്‌ ഷോട്സ് വിയറ്റ്‌നാം എന്നീ പരിപാടികളിലും കിച്ച പങ്കെടുത്തു.

അമേരിക്കയെ പുട്ടില്‍ കയറ്റിയ കിച്ച

അമേരിക്കയിലെ ജനപ്രിയ ടിവി പരിപാടിയാണ് എലെന്‍ ഡിജനറസിന്‍റെ എലെന്‍ ഷോ. ഈ ഷോയില്‍ പങ്കെടുത്ത ഇന്ത്യക്കാരനായി കിച്ച തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രായം വെറും അഞ്ചു വയസ്. മിഷേല്‍ ഒബാമയും ഹിലരി ക്ലിന്റനുമൊക്കെ ഈ ഷോയില്‍ പങ്കെടുത്തിരുന്നു. നിരവധി തവണ സ്‌കൈപ് വഴിയുള്ള ഇന്റന്‍വ്യൂകളും മറ്റു കടമ്പകളും കടന്നാണ് കിച്ച ഷോയില്‍ ഇടം നേടിയത്. ഇംഗ്ലീഷില്‍ നന്നായി സംരിക്കാനുള്ള കഴിവ് കിച്ചയ്ക്ക് തുണയായി. വ്യത്യസ്തവും കുസൃതി നിറഞ്ഞതുമായ അവതരണം കൊണ്ട് കിച്ച കാണികളുടെ കയ്യടി ഏറ്റുവാങ്ങി. പുട്ട്. ഡ്രൈഫ്രൂട്ട് ബര്‍ഫി, മാര്‍ഷ്മലോ വട, തേങ്ങാ പുഡ്ഡിംഗ് എന്നിവയായിരുന്നു അന്ന് ഷോയില്‍ തയ്യാറാക്കിയത്. കിച്ചയെ കാത്ത് അന്ന് വിമാനത്താവളത്തിന് മുന്നില്‍ കിടന്നത് ആഡംബര ലിമോസിന്‍ കാര്‍. ഷോയില്‍ അവതാരകയുടെ കണ്ണു തള്ളിച്ചു കേരളത്തിന്‍റെ കിച്ച.പുട്ടെന്നും പുട്ടുകുറ്റിയെന്നും അവതാരകയെ പറയാനും പഠിപ്പിച്ചു പുട്ടുണ്ടാക്കുന്നതിനിടെ കിച്ച.

തരംഗമായി കിച്ച ട്യൂബ്

2015ലാണ് കിച്ച ട്യൂബ് എന്ന യു ട്യൂബ് ചാനല്‍ തുടങ്ങുന്നത്. യു ട്യൂബിലെ ഹിറ്റായ ചാനലാണ്‌ കിച്ചയുടെത്. ലക്ഷക്കണക്കിന്‌ ഫോളോവേഴ്സ് വിവിധ രാജ്യങ്ങളിലായി കിച്ചയ്ക്കുണ്ട്.മിക്കി മൗസ് ഐസ്ക്രീം വീഡിയോ ഫേസ്ബുക്ക് വിലയ്ക്ക് വാങ്ങി. നല്ല വരുമാനം യു ട്യൂബില്‍ നിന്ന് ഇപ്പോള്‍ കിച്ചയ്ക്കുണ്ട്.140-ഓളം പാചകവിധികള്‍ കിച്ചയുടെ യു ട്യൂബ് ചാനലിലുണ്ട്.

 

കിച്ചയുടെ  കുടുംബം

അമ്മ റൂബി എറണാകുളത്തെ അറിയപ്പെടുന്ന കേക്ക് മേക്കറാണ്. കോളജ് അധ്യാപിക ജോലി ഒഴിവാക്കിയാണ് റൂബി കേക്ക് നിര്‍മാണത്തിന് ഇറങ്ങിയത്‌.അമ്മയുടെ പാചകം കണ്ടു അടുക്കളയില്‍ കയറിയ കിച്ചയെ റൂബി നിരുത്സാഹപ്പെടുത്തിയില്ല. അങ്ങനെ കിച്ചയെന്ന ലോകം അറിയപ്പെടുന്ന ഷെഫ് ആ അടുക്കളയില്‍ നിന്ന് തുടക്കം കുറിച്ചു.പിതാവ് വികെ രാജഗോപാല്‍ സെന്‍ട്രല്‍ അഡ്വര്‍ട്ടൈസിംഗ് മാനേജരാണ്. യു ട്യൂബ് ചാനലിലേക്ക് കിച്ചയുടെ പാചക വീഡിയോ ചിത്രീകരിക്കുന്നതും പിതാവ് തന്നെ.അമേരിക്കയിലുള്ള സഹോദരി നിധയാണ് കിച്ചുവിന്‍റെ മാനേജര്‍. ഡബിള്‍ ഹോഴ്സ് സ്നാക്സ് ശ്രേണിയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഈ ഏഴു വയസുകാരന്‍. അങ്ങനെ വരുമാനത്തിലും വലിയ കിച്ചയാണ് കൊച്ചു കിച്ച.

കുഞ്ഞു കിച്ചയുടെ വലിയ പാചകം കാണാം