News

റാണിപുരം ട്രെക്കിങ്: നിരോധനം ഉടന്‍ നീക്കിയേക്കും

റാണിപുരം വനമേഖലയിലുള്ള ട്രെക്കിങിന് നിലവിലുള്ള നിരോധനം നീക്കുന്നതിനായി സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം മേഖലയില്‍ ലഭിച്ച മഴയില്‍ പുല്‍മേടുകള്‍ പച്ചപ്പണിഞ്ഞു.

കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് മേലധികാരികള്‍ക്ക് സുരക്ഷാ റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് ജില്ലാ അധികാരികള്‍ തീരുമാനിച്ചത്. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12നാണ് വനംവകുപ്പ് കേരളത്തിലെ വനമേഖലകളില്‍ ട്രെക്കിങ് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ നിരോധനമറിയാതെ ഇപ്പോഴും റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് ബസുകളിലും മറ്റുമായി നിരവധി പേരാണ് റാണിപുരത്തെത്തുന്നത്. വനംവകുപ്പിന്റെ സൈറ്റില്‍ നിരോധനം സംബന്ധിച്ച് അറിയിപ്പില്ലെന്നും സഞ്ചാരികള്‍ പറയുന്നു. സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ റാണിപുരം സന്ദര്‍ശിച്ചിരുന്നു.

പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും കേരളത്തിലെ വനമേഖലകളിലെ നിരോധനം പിന്‍വലിക്കാനുള്ള നടപടികളും ആയിട്ടില്ല. റാണിപുരത്ത് വേനലവധിക്കാലത്ത് ഒരു മാസം മുക്കാല്‍ ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ടിക്കറ്റിനത്തില്‍ വനംവകുപ്പിന് വരുമാനമുണ്ടാകാറുണ്ട്.

വനത്തിലേക്കുള്ള പ്രവേശനവും ട്രെക്കിങ്ങും നിരോധിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. അടുത്തിടെ ആരംഭിച്ച വനംവകുപ്പിന്റെ ഇക്കോ ഷോപ്പും അടച്ചിട്ട നിലയിലാണ്. പ്രവേശനമില്ലാത്തതിനാല്‍ സഞ്ചാരികളെത്തി ഉടന്‍ തിരിച്ചുപോകുന്നതിനാല്‍ ഡിടിപിസി ക്വാര്‍ട്ടേഴ്‌സിലും വരുമാനമില്ല. ഗാര്‍ഡുമാരുടെ സേവനവും വെട്ടിച്ചുരുക്കിയിട്ടുണ്ട്.

റാണിപുരം വനസംരക്ഷണ സമിതി പ്രവര്‍ത്തകരായ അഞ്ചു പേരെയാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഗാര്‍ഡുമാരായി ജോലിക്കെടുത്തിരുന്നത്. കാട്ടുതീ ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍ കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.