News

ലിഗയെ കണ്ടെത്താന്‍ തീവ്രശ്രമം നടത്തി; ആരോപണങ്ങള്‍ക്ക് മന്ത്രി കടകംപള്ളിയുടെ മറുപടി ; ടൂറിസം പൊലീസിന്‍റെ എണ്ണം കൂട്ടാനും തീരുമാനം

ഐറിഷ്  സഞ്ചാരി ലിഗ സ്ക്രോമാനെ കണ്ടെത്താന്‍ പൊലീസ് ആവുംമട്ടു ശ്രമിച്ചിരുന്നെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാല്‍പ്പതു ദിവസമായി ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ടൂറിസം സെക്രട്ടറിയും ഡയറക്ടറുമൊക്കെ ലിഗയുടെ സഹോദരിയോട്‌ കാര്യങ്ങള്‍ അന്വേഷിച്ചു. വിഷയം രാഷ്ട്രീയവല്ക്കരിക്കാനാണ്ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

അശ്വതി ജ്വാലക്ക് മറുപടി

തിരുവനന്തപുരത്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന അശ്വതി ജ്വാലയെ തനിക്കു നല്ല പരിചയമുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിത്തരണം എന്നു ആ കുട്ടിക്ക് തന്നെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടാമായിരുന്നു. ഒരിക്കല്‍ പോലും ആ കുട്ടി അങ്ങനെ ചെയ്തില്ല. ഡിജിപിയെ കണ്ടപ്പോള്‍ അനുകൂല പ്രതികരണം ഉണ്ടായില്ല എന്ന് ഇപ്പോള്‍ അശ്വതി പറയുന്നു. ഡിജിപിക്കും മുകളില്‍ കേരളത്തില്‍ ആളില്ലേ എന്നും അതറിയാത്ത പൊതുപ്രവര്‍ത്തക അല്ലല്ലോ അശ്വതി എന്നും മന്ത്രി ചോദിച്ചു.

ടൂറിസം പോലീസിനെ കൂടുതല്‍ വിന്യസിക്കും

കോവളം അടക്കം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ ടൂറിസം പൊലീസിനെ വിന്യസിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം പൊലീസിന്‍റെ എണ്ണം കുറവാണെന്ന യാഥാര്‍ത്ഥ്യം നിലവിലുണ്ട്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ഡിജിപിയോട് സംസാരിക്കും.
ലിഗ ചികിത്സയില്‍ കഴിഞ്ഞ പോത്തന്‍കോട്ടെ ചികിത്സാലയം ഗുരുതര വീഴ്ചയാണ് വരുത്തിയത്. ലിഗ പുകവലിക്കുമെന്നും ഏകാന്തത ഇഷ്ടപ്പെട്ടിരുന്നെന്നും ചികിത്സിച്ച ഡോക്ടര്‍ ഇപ്പോള്‍ പറയുന്നു. ഇത്തരം രോഗിയെ എങ്ങനെ ഇത്രദൂരം പുറത്തു പോകാന്‍ അനുവദിച്ചെന്നും മന്ത്രി ചോദിച്ചു. ഇത്തരം ചികിത്സാലയങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ടൂറിസം അതോറിറ്റി നിലവില്‍ വരുമ്പോള്‍ ഇക്കാര്യവും പരിശോധിക്കും.

അപവാദ പ്രചരണം അരുത്

ലിഗയുടെ ഒറ്റപ്പെട്ട ദാരുണ സംഭവം ചൂണ്ടിക്കാട്ടി ദുഷ്പ്രചരണം അരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കേരള ടൂറിസത്തിന് ഇത്തരം പ്രചരണം തിരിച്ചടിയാകും. ടൂറിസം മേഖലയിലുള്ളവര്‍ ഇത്തരം പ്രചാരണത്തെ ചെറുക്കുമെന്നും മന്ത്രി കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.