ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചാല്‍ നിരക്കു കുറയ്ക്കുമെന്ന് ഫ്ലൈ ദുബൈ

ഇന്ത്യയിലേക്കു കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകിയാൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകുമെന്ന് ഫ്ലൈ ദുബൈ. എമിറേറ്റ്സും ഫ്ലൈ ദുബൈയും ചേർന്ന് ഇന്ത്യയിലേക്ക് 300 മുതല്‍  350 സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വിമാനങ്ങളടക്കം ആഴ്ചയിൽ 500 വിമാനങ്ങൾ ഇന്ത്യ-ദുബൈ സെക്ടറിൽ മാത്രം സർവീസ് നടത്തുന്നു.

ഇന്ത്യയിലേയ്ക്ക് ഒരുപാട് യാത്രക്കാരുണ്ടെങ്കിലും കൂടുതല്‍ സര്‍വീസിനു അനുമതിയില്ല. സീസൺ ആകുമ്പോൾ തിരക്കുമൂലം പലർക്കും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഫ്ലൈ ദുബൈ സീനിയർ വൈസ് പ്രസിഡന്റ് സുധീർ ശ്രീധരൻ പറഞ്ഞു. ഓണം, ദീപാവലി, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷവേളകളിൽ ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നാട്ടില്‍ എത്താന്‍ കഴിയാറില്ല.

യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തുറന്ന ആകാശ നയം ഗൾഫ് മേഖലയിലും നടപ്പാക്കണം. ഇതുമൂലം കൂടുതൽ സെക്ടറുകളിലേക്കു വിമാന സർവീസ് ആരംഭിക്കാനാകും. നിരക്കു കുറയ്ക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും സഹായകമാകും. ഇക്കാര്യങ്ങൾ ഇന്ത്യൻ സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബൈ പുതിയ സർവീസ് ആരംഭിക്കും. ബിസിനസ് ക്ലാസുകാരെ ലക്ഷ്യമിട്ടു ഫ്ലൈ ദുബൈ പുതിയ മാക്സ് എയർക്രാഫ്റ്റ് ആരംഭിച്ചിട്ടുണ്ടെന്നും സുധീർ ശ്രീധരൻ പറഞ്ഞു.