കൂടൊരുക്കാന്‍ പെലിക്കണ്‍ പക്ഷികള്‍ കുമരകത്തെത്തി

ശാന്ത സുന്ദര പ്രകൃതിയില്‍ കൂട് വെച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്ന പെലിക്കണ്‍ പക്ഷികള്‍ കുമരകത്ത് എത്തി.

ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളില്‍ മാത്രം കൂടൊരുക്കിയിരുന്ന പെലിക്കണ്‍ പക്ഷികള്‍ കേരളത്തില്‍ വന്ന് തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.

പുള്ളിച്ചുണ്ടന്‍ കൊതുമ്പനം എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഇവ വംശ നാശ ഭീഷണി നേരിടുന്ന ഇനമാണ്. സ്‌പോട്ട് ബില്‍ഡ് പെലിക്കണ്‍ എന്ന ഇനത്തില്‍പെട്ട ഇവ ശീതകാലത്ത് മാത്രമേ കേരളത്തില്‍ വരാറുള്ളൂ.

മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുവാന്‍ മാത്രം എത്തിയിരുന്ന ഇവ എന്നാല്‍ ഇപ്പോള്‍ മടങ്ങി പോകാറില്ല.

വേമ്പനാട് കായല്‍തീരത്തെ സ്വാഭാവിക പക്ഷിസങ്കേതത്തിലാണ് കൂടുകളേറെയും. പക്ഷികള്‍ക്ക് അലോസരം ഉണ്ടാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സങ്കേതത്തിലെ ഗൈഡ് ടി.കെ.മോഹന്‍ പറഞ്ഞു.