India

പലചരക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ആമസോണ്‍

വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വന്‍ പദ്ധതിക്കായി ഒരുങ്ങുന്നു.ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം.

പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്.

സോപ്പുകളും ക്ലീനിംഗ് പ്രൊഡക്ടുകളുമായി ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ ഗ്രോസറി ഡെലിവറി സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ച് പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആമസോണിന്റെ ഇന്ത്യയിലെ കച്ചവടത്തില്‍ പകുതിയിലധികവും ഗ്രോസറി വിഭാഗമായിരിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

ഇന്ത്യയുടെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 200 ബില്യണ്‍ ഡോളര്‍ കടന്ന സാഹചര്യത്തില്‍ രാജ്യത്ത് വലിയ സാധ്യതയാണ് ആമസോണ്‍ കാണുന്നത്. കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമായതും ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രചാരം നേടിയതും വിപണി ഇനിയും വളരാനുള്ള സാഹചര്യമാണുണ്ടാക്കിയത്. ആമസോണിന് ഇന്ത്യയില്‍ നിലവില്‍ 100 മില്യണ്‍ അംഗങ്ങളുണ്ട്.