Kerala

മാഹി മുതല്‍ മഞ്ചേശ്വരം വരെ ജലഗതാഗതം വരുന്നു

മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെ ബന്ധിപ്പിച്ച് ജലഗതാഗതത്തിനു പദ്ധതി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സഹായത്തോടെ മലനാട് ക്രൂസ് ടൂറിസം പദ്ധതിയാണ് ഇതു നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി ചന്ദ്രഗിരിപ്പുഴയില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്ന സ്ഥലങ്ങളിലെ മണ്ണുപരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനായി വഞ്ചിവീടുകള്‍ക്കു പിന്നാലെ യാത്രാബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്.

നിലവില്‍ കോട്ടപ്പുറം നിന്നു വലിയപറമ്പ് കേന്ദ്രീകരിച്ചാണ് വഞ്ചിവീടുകള്‍ ഓടുന്നത്. ഇതു നീലേശ്വരം തേജ്വസിനി പുഴ വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി. തേജ്വസിനി പുഴയില്‍ മണ്ണു പരിശോധന പൂര്‍ത്തിയാക്കി.

ചന്ദ്രഗിരിപ്പുഴയില്‍ തളങ്കരക്കടവത്ത്, പുലിക്കുന്ന് (ചന്ദ്രഗിരിപ്പാലത്തിനടുത്ത്), ചേരൂര്‍, തെക്കില്‍ എന്നിവിടങ്ങളിലാണു ബോട്ട് ജെട്ടികള്‍ നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍ മണ്ണു പരിശോധനയോടൊപ്പം പുഴയിലെ പാറപ്രദേശങ്ങളും അഴിമുഖങ്ങളും പരിശോധിക്കുന്നു.

മണ്ണു പരിശോധന പൂര്‍ത്തിയാക്കുന്നതോടൊപ്പം റൂട്ട് സംബന്ധിച്ചുള്ള സര്‍വേ നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും നിര്‍മാണം ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ്. തളങ്കരക്കടവത്താണ് ആധുനിക രീതിയില്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടു കൂടി ബോട്ട് ജെട്ടി നിര്‍മിക്കുന്നത്.