Food

ദേ പുട്ടല്ല, ദാ പുട്ടുമായി പുട്ടോപ്യ

പുട്ടു പ്രേമിക്കള്‍ക്കായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ പുട്ടുമേള ഒരുക്കി കെ. ടി. ഡി. സി. മാസ്‌ക്കറ്റ് ഹോട്ടലിന്റെ സായ്ഹന ഓപ്പണ്‍ റെസ്റ്റോറന്റിന്‍ നാളെ മുതല്‍ ആരംഭിക്കുന്ന പുട്ടോപ്യ 29ന് സമാപിക്കും. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെ പുട്ട്യോപ്പയില്‍ എത്തി പുട്ട് തട്ടാം.

പഞ്ചവര്‍ണ്ണ പുട്ട്, ബിരിയാണി പുട്ട്, അറബി പുട്ട്, നവരസപുട്ട്, മുട്ടപുട്ട്, ബീഫ് പുട്ട്, ചിക്കന്‍ പുട്ടുകള്‍, ചിക്കനും മുട്ടയും ഇട്ട കൊത്ത് പുട്ട്, ചിക്കന്‍ ടിക്ക മസാല പുട്ട്, കണവ പുട്ട്, കൊഞ്ച് പുട്ട്, അരി ഗോതമ്പ് പുട്ട്, കോണ്‍ പുട്ട്, ചിരട്ട പുട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള പുട്ടുകള്‍ക്ക് പുറമെ കുട്ടികള്‍ക്കായി ചോക്ലേറ്റ്, സ്‌ട്രോബറി പുട്ടുകള്‍, ചോക്ലേറ്റും സ്‌ട്രോബറിയും ചേര്‍ന്ന പുട്ടും ഒരുക്കിയിട്ടുണ്ട്.

പഴമയും പുതുമയും ഒത്തു ചേരുന്ന ഇടമാണ് പുട്ടോപ്യ. പയര്‍, പപ്പടം, ചുക്കുകാപ്പി എന്നിവയും പുട്ടിനൊപ്പം കിട്ടും. 70 മുതല്‍ 150 രൂപ വരെ വില വരുന്ന പുട്ടിനൊപ്പം കൂട്ടായി മറ്റു കറികളും കിട്ടും. കടലക്കറി, വെജിറ്റബിള്‍ മപ്പാസ്, മീന്‍ മുളകിട്ടത്, താറാവ് മപ്പാസ്, ചെമ്മീന്‍ തീയല്‍, ചിക്കന്‍ കിളിക്കൂട്, കോഴി ചുട്ടത്, ആട് തേങ്ങക്കൊത്ത്, കുരുമുളക് മസാല, ബീഫ് പെരളന്‍ എന്നിവയാണ് പുട്ട്യോപ്പയിലെ ഹൈലൈറ്റ് ഐറ്റങ്ങള്‍. കറികളുടെ പേര് കേട്ട് വിലയെത്രയെന്നാവും 60 മുതല്‍ 170 രൂപ വരെയാണ് വില.

പുട്ടു കഴിച്ച് വെറുതെ അങ്ങ് മടങ്ങുന്നത് നല്ലതാണോ? ഒരിക്കലുമല്ല പുട്ടിന് ശേഷം കഴിക്കാന്‍ നെയ്യില്‍ വഴറ്റിയ പഴം, ഐസ്‌ക്രീം, പായസം എന്നിവയും കിട്ടും പുട്ടോപ്യയില്‍.

പുട്ടോപ്യയില്‍ എത്തി പുട്ട് കഴിച്ച് മടങ്ങുന്നതോടെ കാര്യം തീര്‍ന്നില്ല. മേളയില്‍ എത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്കു കെ.ടി. ഡി. സി. റിസോര്‍ട്ടുകളില്‍ രണ്ട് രാത്രിയോ മൂന്ന് പകലോ സൗജന്യമായി താമസിക്കാന്‍ അവസരമുണ്ട്.