News

മുണ്ടുമുറുക്കിയുടുത്ത് സര്‍ക്കാര്‍: വാഹനങ്ങള്‍ ഇനി വാങ്ങില്ല; വാടകയ്ക്ക് മാത്രം

സംസ്ഥാന സര്‍ക്കാറിന്‍റെ ചിലവു ചുരുക്കല്‍ നടപടി വ്യക്തമാക്കികൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം വകുപ്പു മേധാവികള്‍, പൊലീസ്, നിയമനിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്ക് മാത്രമേ സ്വന്തമായി വാഹനം വാങ്ങിക്കാന്‍ പാടുള്ളൂ.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പുതിയ വാഹനം വാങ്ങിക്കരുത്. മറിച്ച് മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് പുതിയ വാഹനം വാടകയ്ക്ക് എടുത്താല്‍ മതി. വാടക വാഹനത്തിന്‍റെ വില 14 ലക്ഷത്തില്‍ കൂടരുത്.

നിലവിലുള്ള വാഹനങ്ങള്‍ സംബന്ധിച്ച ഇ-രജിസ്റ്ററുകള്‍ അതാത് വകുപ്പില്‍ സൂക്ഷിക്കണം. കൂടാതെ ഇവിടങ്ങളിലെ ജീവനക്കാര്‍ വിമാന യാത്രയും കുറയ്ക്കണം. പകരം വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗപ്പെടുത്തണം. ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ കുറഞ്ഞത്‌ നാലാഴ്ച മുമ്പെങ്കിലും സര്‍ക്കാറിന് ശുപാര്‍ശ നല്‍കണം. ഔദ്യോഗിക വിദേശയാത്രയ്ക്കുള്ള ശുപാര്‍ശകള്‍ ഭരണവകുപ്പു മന്ത്രിയുടെ അംഗീകാരത്തോടുകൂടി ധനവകുപ്പിന്‍റെ അംഗീകാരം തേടേണ്ടതാണ്.