India

റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ മാറ്റങ്ങള്‍

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന്‍റെ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തി ഐആര്‍സിടിസി. കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍വന്ന പുതുക്കിയ ചട്ടങ്ങള്‍ പ്രധാനമായും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന കാലാവധി, റീഫണ്ടിംഗ് എന്നിവ സംബന്ധിച്ചാണ്.

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം യാത്ര ചെയ്യേണ്ട ദിവസത്തിന് നാലു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യൂസര്‍ ഐഡിയില്‍ നിന്നും ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാം. ഐആര്‍സിടിസി ഓണ്‍ലൈനില്‍ ആധാര്‍ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കള്‍ക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.

രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും രണ്ടു ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എ സി ടിക്കറ്റുകള്‍ രാവിലെ പത്ത് മണിമുതലും സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാന്‍ സാധിക്കും.

ഒരു യുസര്‍ ഐ ഡിയില്‍ നിന്നും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയുളള സമയത്ത് രണ്ട് തത്കാല്‍ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുയുളളൂ. തത്കാല്‍ ബുക്കിങ്ങില്‍ ഏറ്റവും കൂടിയത് ആറ് ടിക്കറ്റുകള്‍  ഒരേസമയത്തുള്ള യാത്രയ്ക്ക് ബുക്ക് ചെയ്യാം.

ക്വിക് ബുക്ക് സര്‍വീസ് രാവിലെ എട്ട് മുതല്‍ ഉച്ചയക്ക് പന്ത്രണ്ട് വരെ ലഭ്യമാകില്ല. ഒരു യൂസര്‍ക്ക് ഒരു ലോഗ് ഇന്‍ സെഷന്‍ മാത്രമേ ഒരേ സമയം ലഭിക്കുകയുളളൂ. ടിക്കറ്റ് ബുക്കിങ് ഏജന്‍സിയുളളവര്‍ക്ക് രാവിലെ എട്ട് മുതല്‍ എട്ടരവരെയും പത്ത് മുതല്‍ 10.30 വരെയും പതിനൊന്ന് മുതല്‍ 11.30 വരെയും ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയുണ്ട്.

എന്നാല്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയത്ത് ആദ്യ അരമണിക്കൂര്‍ നേരം ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയില്ല. ഈ സമയം യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നതിനാണ്. ഏജന്റുമാര്‍ ഒരേ സമയം നിരവധി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണിത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് സമയ ക്രമീകരണമുണ്ട്. യാത്രക്കാരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള സമയം 25 സെക്കന്‍ഡാണ്. യാത്രക്കാരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നിടത്തെ കാപ്ചയ്ക്കും പേയ്‌മെന്‍റ് പേജിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് അഞ്ച് സെക്കന്‍ഡാണ് ലഭിക്കുക.

നെറ്റ് ബാങ്കിങ് വഴിയുളള പേയ്‌മെന്‍റ് വണ്‍ ടൈം പാസ് വേഡ് (ഒടിപി) വഴി ബാങ്കുകള്‍ പരിശോധിക്കണം.  ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും പുതിയ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു.  ഷെഡ്യൂള്‍ ചെയ്ത സമയത്തിന് മൂന്ന് മണിക്കൂറിനകം ട്രെയിന്‍ പുറപ്പെട്ടില്ലെങ്കില്‍ യാത്ര ക്യാന്‍സല്‍ ചെയ്യുമ്പോള്‍ റീഫണ്ട് ലഭിക്കും.

ട്രെയിന്‍ വഴിമാറി പോകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അതുവഴി പോകേണ്ടതില്ലെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് വാങ്ങാം. ബുക്ക് ചെയ്ത ക്ലാസിനേക്കാള്‍ താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ റീഫണ്ട് വാങ്ങാം. താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്താല്‍ അതില്‍ വ്യത്യാസമുളള തുക റീഫണ്ട് ആയി തിരികെ ലഭിക്കും.

ഐആര്‍സിടിസി ബുക്കിങ് ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുന്നതിനായി എടുത്ത നടപടികളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. മാറ്റങ്ങളെ കുറിച്ച് ലോകസഭയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹ്‌യിന്‍ രേഖാമൂലം അറിയിച്ചു.