Kerala

കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മെട്ടില്‍ ശില്‍പ വേഴാമ്പല്‍ ഒരുങ്ങുന്നു

രാമക്കല്‍മെട്ടിലെ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കി വേഴാമ്പലും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പമാണ് ഈ മാസം അവസാനത്തോടെ ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുന്നത്. കുറവന്‍ – കുറത്തി ശില്‍പ്പത്തിനരുകിലായി വാച്ച് ടവറിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ കെ.ആര്‍.ഹരിലാലാണ് ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പത്തിന്റെ പ്രത്യേകത ശില്‍പത്തിനകത്ത് പ്രവേശിച്ച് മുകളിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതാണ്.

ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മണ്ടയില്ലാത്ത ഒരു വന്‍ മരവും അതിന്റെ മുകളില്‍ നാളെത്തെ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു കൊണ്ട് വന്നിരിക്കുന്ന മലമുഴക്കി വേഴാമ്പലും. പ്രകൃതിയും മണ്ണും ജലവും ശുദ്ധമായ വായുവും നഷ്ടപ്പെടുത്തിയ മനുഷ്യനുള്ള ചൂണ്ടുപലകയായി മലമുഴക്കിയുടെ ചുണ്ടുകളില്‍ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു ചെടിയുമുണ്ട്. ഈ ചെടി നാളത്തെ പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണന്ന് ശില്‍പി പറയുന്നു. ഇതേ സമയം പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍ നിന്ന് ഒരു കരിവീരന്‍ പുറത്തേക്ക് തലനീട്ടുന്നുണ്ട്.

കരിവീരന്‍ മലമുഴക്കിക്ക് അനുഭാവം പ്രകടിപ്പിച്ചു വലിയൊരു ഇലയും വീശിപ്പിടിച്ചിട്ടുണ്ട്. രാമക്കല്‍മേട്ടിലെ മണ്ണിന്റെ അതേ നിറമാണ് ശില്‍പത്തിനും. 12 അടിത്താഴ്ചയില്‍ ആറ് ഫില്ലറുകളിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. സിമന്റും കോണ്‍ക്രീറ്റും മൂന്ന് പാളികളുള്ള നെറ്റ് ഉപയോഗിച്ച് ബലപ്പെടുത്തിയ നിര്‍മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ശക്തമായ കാറ്റ് വീശുന്ന സ്ഥലമായതിനാല്‍ വേഴാമ്പലിനെ ശില്‍പത്തിന്റെ മുകളില്‍ പറ്റിച്ചേര്‍ന്ന് ഇരിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. ഈ മാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുമെന്ന് ഡിടിപിസി സെക്രട്ടറി ജയന്‍ ടി.വിജയന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.എം.ജോണ്‍ എന്നിവര്‍ അറിയിച്ചു.