News

ദേശീയ ചലച്ചിത്ര പുരസ്ക്കാരം: മലയാളത്തിനു പത്തു പുരസ്ക്കാരങ്ങള്‍

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാളം. മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥാകൃത്ത് എന്നിവയുൾപ്പെടെ പത്തു പുരസ്കാരങ്ങളാണ് മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി.

ബംഗാളി നടൻ റിഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അസമിൽനിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണ് മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടി.

വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ദിലീഷ് പോത്തന്‍റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ എസ് പ്രവീണാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിനാണ്.

ആളൊരുക്കം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാർവതിക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച പ്രൊഡക്‌ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമൻ നേടി. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്.

മറ്റു പ്രധാന പുരസ്ക്കാരങ്ങള്‍

ജനപ്രിയ ചിത്രം– ബാഹുബലി2, സഹനടി– ദിവ്യ ദത്ത (ഇരാദാ), ഗായിക– ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ), സംഗീതം– എ ആർ റഹ്മാൻ (കാട്രു വെളിയിടൈ), പശ്ചാത്തല സംഗീതം– എ ആർ റഹ്മാൻ (മോം), ദേശീയോദ്ഗ്രഥന ചിത്രം- ധപ്പ, മികച്ച മെയ്ക് അപ് ആർടിസ്റ്റ്- രാം രജത് (നഗർ കീർത്തൻ), കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ, എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ), സ്പെഷൽ എഫക്ട്സ്- ബാഹുബലി 2, ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2