Kerala

‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ ടൂറിസം പദ്ധതിയുമായി കേരള ടൂറിസം

കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനു കീഴിലെ വിവിധ ഹോട്ടലുകളില്‍ ആകര്‍ഷകങ്ങളായ ടൂറിസം പാക്കേജുകളുമായി സംസ്ഥാന ടൂറിസം വകുപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനല്‍ക്കാലം ആഘോഷമാക്കാന്‍ ‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ എന്ന പദ്ധതിയാണ് കെടിഡിസി ആവിഷ്ക്കരിച്ചിരിക്കുന്നത്.

കോര്‍പ്പറേഷനു കീഴിലെ കോവളത്തെ സമുദ്ര, തേക്കടിയിലെ ആരണ്യ നിവാസ്, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവയിലേതെങ്കിലും ഒരു ഹോട്ടലില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും രണ്ട് രാത്രിയും മൂന്ന് പകലും താമസവും ഭക്ഷണവുമടക്കം 4999 രൂപയാണ് ചിലവ് വരുന്നത്. നികുതി ഉള്‍പ്പെടെയാണിത്.

കോവളം സമുദ്ര

തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ കുമരകം ഗേയ്റ്റ് വേ റിസോര്‍ട്ട്, സുല്‍ത്താന്‍ ബത്തേരിയിലെ പെപ്പര്‍ ഗ്രാവ്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ് എന്നിവയിലേതെങ്കിലും ഹോട്ടലില്‍ പത്തു വയസ്സിനു താഴെ പ്രായമുള്ള രണ്ട് കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും രണ്ട് രാത്രികളും മൂന്ന് പകലും താമസത്തിനും ഭക്ഷണത്തിനും 2999 രൂപ നല്‍കിയാല്‍ മതി. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേരിലാണ് പ്രസ്തുത പാക്കേജുകള്‍ക്കായി കെ.ടി.ഡി.സി. ഹോട്ടലുകളില്‍ ബുക്ക് ചെയ്യേണ്ടത്. ഈ കുറഞ്ഞ നിരക്കിലെ പാക്കേജുകള്‍ മേയ് 31 വരെ മാത്രമാണ് പ്രാബല്യത്തിലുണ്ടാവുക.

കൊച്ചി ബോള്‍ഗാട്ടി പാലസ്

ഇതിനു പുറമേ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ കെ.ടി.ഡി.സി. ഹോട്ടലുകളില്‍ രണ്ട് രാത്രികളും മൂന്ന് പകലും താമസിക്കുന്നതിനുള്ള പാക്കേജുകളും ലഭ്യമാണ്. എല്ലാത്തരം സഞ്ചാരികളേയും ലക്ഷ്യമാക്കിയാണ് ഈ പാക്കേജുകള്‍ തയ്യാറാക്കിയിട്ടുള്ളത്. രണ്ട് രാത്രികളും മൂന്ന് പകലും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് താമസം, പ്രഭാത ഭക്ഷണം, നികുതി എന്നിവ ചേര്‍ത്ത് കോവളത്തെ സമുദ്രയില്‍ 7500 രൂപയും തേക്കടിയിലെ ആരണ്യ നിവാസില്‍ 7768 രൂപയും കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ 11,111 രൂപയും തേക്കടിയിലെ ലേക്ക് പാലസില്‍ 23,000 രൂപയും, മൂന്നാറിലെ ടീ കൗണ്ടിയില്‍ 7600 രൂപയുമാണ്.

മുന്നാര്‍ ടീ കൗണ്ടി

കെ.ടി.ഡി.സി.യുടെ ബഡ്ജറ്റ് റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസില്‍ 4300 രൂപയും, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസില്‍ 3826 രൂപയുമാണ്. ഈ പാക്കേജുകള്‍ 30 സെപ്റ്റംബര്‍ 2018 വരെ ലഭ്യമാണ്.  ബോള്‍ഗാട്ടി പാലസ്,  ടീ കൗണ്ടി റിസോര്‍ട്ട്, ആരണ്യ നിവാസ്, കുമരകം ഗേയ്റ്റ് വേ റിസോര്‍ട്ട്, സമുദ്ര എന്നീ റിസോര്‍ട്ടുകളില്‍ രണ്ടു പേര്‍ക്കുള്ള താമസം, പ്രഭാത ഭക്ഷണം, അവയുടെ നികുതികള്‍, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രധാന കാഴ്ചകള്‍ കാണുന്നതിനും ഒരു ഹോട്ടലില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രാചെലവും ഉള്‍പ്പെടെയാണ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

തേക്കടി ആരണ്യ നിവാസ്

അഞ്ച് പകല്‍ മുതല്‍ ഏഴ് പകല്‍വരെയുള്ള മൂന്നു പ്രധാന പാക്കേജുകളാണ് ഇത്. സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം അവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ കെ.ടി.ഡി.സി. ഹോട്ടലുകളെ ബന്ധിപ്പിച്ച് പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കി നല്‍കുന്നതും പദ്ധതിയിലുണ്ട്. തെരഞ്ഞെടുക്കുന്ന കാര്‍, ദിവസങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ടൂര്‍ പാക്കേജുകളുടെ നിരക്കില്‍ മാറ്റമുണ്ടാകും. ഈ മാസം 15 മുതല്‍ സെപ്തംബര്‍ 30 വരെ പ്രസ്തുത പാക്കേജുകള്‍ ലഭ്യമാണ്.