Middle East

അടച്ച വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയാല്‍ കനത്ത ശിക്ഷ

വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണക്കാരാകുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നു അബുദാബി ശിശുക്ഷേമവകുപ്പ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം പത്ത് അപകടങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്.

ചൂടുകാലമാകുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പിനു കീഴിലുള്ള ശിശുക്ഷേമ വിഭാഗം വ്യക്തമാക്കി. അശ്രദ്ധമൂലം കുഞ്ഞുങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്നവര്‍ക്കു തടവുശിക്ഷ ലഭിക്കും വിധത്തില്‍ നിയമം ആവശ്യമാണ്. രക്ഷിതാക്കളുടെ അശ്രദ്ധമൂലം വാഹനങ്ങളില്‍ കുട്ടികള്‍ കുടുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു ദുഃഖകരമാണ്.

കുട്ടികള്‍ അകത്തുണ്ടെന്ന ഓര്‍മയില്ലാതെ വാഹനം പൂട്ടി പോകുന്നവര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. സാധനങ്ങള്‍ വാങ്ങി പെട്ടെന്നു തിരിച്ചെത്താമെന്നു കരുതി പോയവര്‍ക്കും ദുരന്തം നേരിടേണ്ടിവന്നു.

ആളുകള്‍ യഥാസമയം കണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനാല്‍ ചില കുട്ടികള്‍ക്കു ജീവന്‍ തിരിച്ചുകിട്ടി. ചൂടുകാലത്ത് വാഹനത്തില്‍ അടച്ചിട്ടാല്‍ ശ്വാസതടസ്സം മൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മഅയൂഫ് അല്‍ കിത്ബി പറഞ്ഞു.

കുട്ടികളുടെ കൈയില്‍ വാഹനത്തിന്റെ താക്കോല്‍ നല്‍കി പോകുന്നതും സുരക്ഷിതമല്ല. ഉറങ്ങുന്ന കുട്ടികളെ ഉണര്‍ത്താന്‍ കഴിയുന്ന ആധുനിക ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വാഹനത്തിന്റെ ചില്ലുകള്‍ അല്‍പം താഴ്ത്തി വയ്ക്കാന്‍കൂടി മറന്നാണു ചിലര്‍ കുട്ടികളെ അപകടത്തിലേക്കു തള്ളുന്നത്. ഫെഡറല്‍ നിയമപ്രകാരം 5000 ദിര്‍ഹം പിഴയാണ് ഇതിനുള്ള ശിക്ഷ. പിഴ പതിനായിരമാക്കി ഉയര്‍ത്തുകയും കുറ്റക്കാരനു തടവുശിക്ഷയും ലഭിച്ചാല്‍ ഇത്തരം കേസുകളില്‍ കുറവുണ്ടാകുമെന്നു കരുതുന്നു.