India

ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം

ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം. മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തില്‍. രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് പുണെയില്‍ വാഹനങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്. പുണെയിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്.

എന്നാല്‍ ഇവിടെ 36.2 ലക്ഷം വാഹനങ്ങള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നാണ് റീജനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12) വെളിപ്പെടുത്തിയത്. നാലുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ 9.57% ആണ് 2017നെ അപേക്ഷിച്ച് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ 8.24% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങളാണ് പുണെയില്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനയാണുണ്ടായതെന്ന് ആര്‍ടിഒ തലവന്‍ ബാബ ആജ്‌റി വെളിപ്പെടുത്തി. ഇത്തവണയും ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമ്പന്നര്‍ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പിന്നെ അവസരത്തിനനുസരിച്ചും മുറ്റം നിറച്ച് വാഹനങ്ങള്‍ വാങ്ങിനിറയ്ക്കുമ്പോള്‍, സാധാരണക്കാര്‍ വായ്പയെടുത്തും വാങ്ങും രണ്ടെണ്ണം.

ഈ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ തിങ്ങിനിറഞ്ഞ് ഗതാഗതക്കുരുക്കും അന്തരീക്ഷമലിനീകരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇതു മൂലം ആര്‍ടിഒയ്ക്ക് നേട്ടമുണ്ടാക്കാനായെന്നും ആജ്‌റി സമ്മതിച്ചു. പുണെ ആര്‍ടിഒയുടെ വരുമാനലക്ഷ്യമായ 862.32 കോടിയും കടന്ന് 1,021.56 കോടി വരുമാനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.