Middle East

ആഘോഷങ്ങളുടെ സ്ഥലമായി റാസല്‍ഖൈമ മാറുന്നു

ആഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി റാസല്‍ഖൈമ മാറുന്നു. കല്യാണങ്ങള്‍ക്കും, പാര്‍ട്ടി നടത്താനും മറ്റുമാണ് കൂടുതല്‍ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തുന്നത്. ഇവിടത്തെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികള്‍ മികച്ച ആഘോഷങ്ങള്‍ക്കായി ലഭ്യമാകുന്നു എന്നതാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം.

വിശാലമായ മലനിരകള്‍ക്കും കടലിനും ഇടയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. മലകളാല്‍ ചുറ്റപ്പെട്ട മണലാരണ്യങ്ങള്‍, ഒട്ടകപ്പുറത്ത് സഞ്ചരിച്ചു കൊണ്ടുള്ള സൂര്യാസ്തമയ കാഴ്ച തുടങ്ങിയ വൈവിധ്യങ്ങളാണ് ആഘോഷങ്ങള്‍ക്കായി റാസല്‍ഖൈമ തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍.
റാസല്‍ഖൈമ ദമ്പതികള്‍ക്ക് പ്രിയപ്പെട്ട സ്ഥലംകൂടി ആവുകയാണ്. അടുത്തിടെ ബോളിവുഡ് താരം അനില്‍ കപൂറിന്‍റെ മരുമകന്‍റെ വിവാഹത്തിന് ആതിഥേയത്വം വഹിച്ചത് റാസല്‍ഖൈമയാണ്.

ദുബായില്‍നിന്ന് 45 മിനിറ്റ് ദൂരം മാത്രമേയുള്ളൂ റാസല്‍ഖൈമയിലേയ്ക്ക്. അതുകൊണ്ടുതന്നെ കൂടുതല്‍ സഞ്ചാരികളും ഇവിടെത്തുന്നു. അടുത്തകാലത്തായി റാസല്‍ഖൈമ നേടിയ സിപ് ലൈന്‍ ഗിന്നസ് റെക്കോഡ് നിരവധി സന്ദര്‍ശകരെ എമിറേറ്റിലെത്തിക്കുന്നുണ്ടെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്‍റ്  അതോറിറ്റി സിഇഒ ഹൈഥം മത്താര്‍ പറഞ്ഞു. എമിറേറ്റിലെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക മൂല്യങ്ങള്‍, വിനോദസാധ്യതകള്‍ ഇവയെല്ലാം വിലമതിക്കാനാവാത്ത ഘടകങ്ങള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.