വേനലെത്തി; പാമ്പുകളെ സൂക്ഷിക്കുക

വേനലായി. വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങളും പതിവായി. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 295 പേർ. 2015ൽ 128 പേർ, 2016 ൽ 86 പേർ ,2017 ൽ 81 പേരുമാണ് മരിച്ചത്.  2017 ൽ ഏറ്റവും പേർ പാമ്പുകടിയേറ്റ് മരിച്ചത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 44  പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. പത്തനംതിട്ടയാണ് പാമ്പുകടി മരണം കൂടുതലായി നടന്ന രണ്ടാമത്തെ ജില്ല. 22 പേരാണ് 2017ൽ ഇവിടെ പാമ്പുകടിച്ച് മരിച്ചത്. കൊല്ലത്ത് കഴിഞ്ഞ വർഷം 15 പേർ മരിച്ചു.

മൂർഖന്‍റെ  മുട്ട വിരിയുന്നതും അണലി പ്രസവിക്കുന്നതുമെല്ലാം വേനല്‍ക്കാലത്താണ്. പാമ്പുകളെ അകറ്റാന്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വേനൽകാലത്തു പാമ്പുകൾ വെള്ളം തേടി ഇറങ്ങാറുണ്ട്. അടുക്കള ഭാഗങ്ങളിൽ പാത്രം കഴുകിയതും മറ്റും, തങ്ങിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഇവയെത്തും. വിറക്, തൊണ്ട്, പഴയ സാധനങ്ങൾ തുടങ്ങിയവ കൂട്ടിയിടുന്നതിനിടയിലും പാമ്പുകൾ പതിയിരിക്കാറുണ്ട്. ഇരുമ്പിന്റെ സ്റ്റാൻ‍ഡ് പോലെ ഉയർന്നുനിൽക്കുന്നവയില്‍ വിറകും മറ്റു സാധനങ്ങളും സൂക്ഷിക്കുക.

പാമ്പുകളും പാമ്പുകടി ലക്ഷണങ്ങളും

മൂർഖൻ

മൂർഖന്റെ വിഷം മരണത്തിനിടയാക്കും. മൂർഖൻ കടിച്ചാൽ കടിയേറ്റ ഭാഗം നീരുവയ്ക്കുകയും കരിവാളിക്കുകയും ചെറുതായി രക്തം കിനിയുകയും ചെയ്യും. വിഷം മസ്തിഷ്കത്തെയും സുഷുമ്നയെയും ബാധിക്കുന്നതോടെ വിളർച്ച അനുഭവപ്പെടുകയും വിറയ്ക്കുകയും ചെയ്യും. വായിൽ നിന്നും നുരയും പതയും വരും. ശ്വാസ തടസ്സം മൂലമാണ് മരണം സംഭവിക്കുക. ആറു മില്ലിഗ്രാം വിഷം ശരീരത്തിൽ ചെന്നാൽ മതി മരിക്കാന്‍.


അണലി

സംസ്ഥാനത്ത് സാധാരണ കാണുന്ന വിഷപ്പാമ്പുകളിൽ ഒന്നാണ് അണലി. രക്തക്കുഴലുകളെ ബാധിക്കുന്ന വിഷം വൃക്കകളുടെ പ്രവർത്തനതെ തകരാറിലാക്കും. ശരീരത്തിലെ രക്തം നേർപ്പിക്കുന്ന തരത്തിലുള്ള വിഷമാണ് അണലിയുടേത്. കണ്ണിലൂടെയും മൂക്കിലൂടെയും രോമകൂപങ്ങളിലൂടെയും രക്തം വരാം. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണം സംഭവിക്കും.

വെള്ളിക്കെട്ടൻ

ചിലപ്രദേശങ്ങളിൽ വെള്ളിക്കെട്ടന്‍റെ  സാന്നിധ്യം അധികമായിട്ടുണ്ട്. കടിയേറ്റ ഭാഗത്തു വീക്കമോ വേദനയോ ഉണ്ടാകില്ല. തലയ്ക്കു മത്തുപിടിച്ച പോലെ തോന്നും. കടിയേറ്റു കുറച്ചുസമയത്തിനു ശേഷം മാത്രമേ വിഷ ലക്ഷണം പ്രകടമാകൂ. ശക്തിയായ വയറുവേദനയും സന്ധിവേദനയും അനുഭവപ്പെടും. കടിയേറ്റ ഭാഗത്ത് ഇളം പിങ്ക് നിറത്തിലുള്ള ദ്രാവകം കാണാം. നടക്കുമ്പോൾ തളരുന്നതും ശ്വാസോച്ഛ്വാസം ദുർബലമാകുന്നതും ലക്ഷണമാണ്. കഫം ഛർദിക്കാനും സാധ്യതയുണ്ട്. ആറു മില്ലി ഗ്രാം വിഷം ഉള്ളിൽ ചെന്നാൽ മരിക്കും


പാമ്പുകടിയേറ്റാൽ ചെയ്യേണ്ടത്

പാമ്പ് കടിച്ചാൽ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കുക. വിഷം വ്യാപിക്കുന്നതിനെയും അതിനെത്തുടർന്നുണ്ടാകുന്ന ബോധക്ഷയത്തെയും കഠിനവേദനയെയും തടയാൻ പ്രഥമ ശ‌ു‌ശ്രൂഷ അനിവാര്യമാണ്. പാമ്പ് കടിയേറ്റയാൾക്കു ധൈര്യം നൽകുക. ഭയവും രക്തസമ്മർദവും വർധിക്കുന്നതു ദോഷം ചെയ്യും
കടിയേറ്റ ഭാഗം ഏകദേശം രണ്ടോ മൂന്നോ ഇഞ്ച് വീതിയിലുള്ള തുണി ഉപയോഗിച്ചു കെട്ടുക. രക്ത ഓട്ടം നിയന്ത്രിക്കാനാണു കെട്ടുന്നത്. ഒരിക്കലും കയർ ഉപയോഗിച്ചു കെട്ടരുത്. രക്തയോട്ടം തടയുന്നതും ഏറെ അപകടകരമാണ്. ഏതു പാമ്പുകടിച്ചാലും വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മിക്സഡ് ആന്റി വെനം ഒന്നു തന്നെയാണ്. അതിനാൽ പാമ്പ് കടിയേറ്റാല്‍ പാമ്പിനെ തല്ലിക്കൊല്ലാനും പിടിച്ചു കൊണ്ടുപോകാനും നില്‍ക്കാതെ കടിയേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കുക.

മുൻകരുതലുകൾ

ഉറച്ച കാലടിയോടെ നടക്കുന്നതു പാമ്പുകളെ അകറ്റാൻ സഹായകരമാകും.  വീടിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.  വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.  കതകുകൾക്ക് അടിയിൽ വിടവുണ്ടെങ്കിൽ തുണിയോ മറ്റോ ഉപയോഗിച്ചു അടയ്ക്കുക.  ചെരിപ്പുകൾ വീടിന്റെ പുറത്തിടാതെ അകത്തു തന്നെ സൂക്ഷിക്കുക.