News

34 വര്‍ഷത്തിന് ശേഷം പുരി ക്ഷേത്രത്തിലെ രത്ന അറ ഇന്ന് തുറക്കും

പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്‌നഭണ്ഡാരം ഇന്ന് തുറന്നു പരിശോധിക്കും. ഉച്ചയ്ക്കു ശേഷമായിരിക്കും അറ തുറക്കുക. 34 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പരിശോധന.

അപൂര്‍വ രത്‌നങ്ങളും വജ്രങ്ങളുംഅടങ്ങിയതാണ് രത്‌നഭണ്ഡാരം. 1984ല്‍ ആയിരുന്നു ഈ ഭണ്ഡാരം അവസാനമായി തുറന്നത്. രത്‌നഭണ്ഡാരത്തിന്‍റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറീസ ഹൈക്കോടതി മാര്‍ച്ച് 22ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.

ക്ഷേത്ര ഭാരവാഹികളായ അഞ്ചുപേര്‍, രണ്ടു പുരാവസ്തു ഗവേഷകര്‍, നിയമ വിദഗ്ധന്‍, പൊലീസ് നിയോഗിക്കുന്ന രണ്ടു വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘമാണ് രത്ന അറ പരിശോധിക്കുക. ഭണ്ഡാരത്തിന് പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാല്‍ പാമ്പ് പിടുത്തക്കാരുടെ സഹായവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്. രത്‌നഭണ്ഡാരത്തിന്‍റെ സുരക്ഷ മാത്രമാണ് പരിശോധിക്കുക. രത്നശേഖരം സൂക്ഷിച്ചിരിക്കുന്ന പേടകങ്ങളിൽ തൊടാന്‍ ഇവർക്ക് അനുവാദമില്ല.