Kerala

കൊച്ചി മെട്രോയില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം

കൊച്ചി മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെ.എം.ആർ.എൽ. യാത്ര നിരക്കിൽ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവുമാണ് നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ് തീരുമാനം. കാർഡ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാനാകും.

ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാർഡുകളാണ് ലഭ്യമാകുക. ഇതു കൂടാതെ സ്ഥിരം യാത്രക്കാർക്കായി ടിക്കറ്റ് രഹിത യാത്ര സംവിധാനം കൊണ്ടുവരാനും കെ.എം.ആർ.എൽ തീരുമാനിച്ചിട്ടുണ്ട്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഈ സംവിധാനം സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാതെ മെട്രോയിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്.

മെട്രോ കൂടാതെ അനുബന്ധ സംവിധാനങ്ങളായ ബസ്സുകളിലും ബോട്ടുകളിലും ഇത് ഉപയോഗപ്പെടുത്താനാകും. സ്മാർട്ട് ഫോണോ ടാബോ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയും ടിക്കറ്റ് തുക നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. റുപേയുമായി സഹകരിച്ചാണ് ഡിസ്‌കൗണ്ട് നിരക്കിൽ യാത്ര ചെയ്യാനുള്ള കാർഡുകൾ കെ.എം.ആർ.എൽ പുറത്തിറക്കുക.

ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇത്തരത്തിലുള്ള കാർഡുകൾ പുറത്തിറക്കാൻ സാധിക്കുകയുള്ളു. ഇതിനുള്ള സോഫ്റ്റ് വെയർ ആക്സിസ് ബാങ്കുമായി സഹകരിച്ചു പരീക്ഷണം നടത്തി. എങ്കിലും കാർഡ് ഇറക്കുന്നതിനു ഇനിയും അഞ്ച് മാസം വേണ്ടിവരും എന്ന് കെ.എം.ആർ.എൽ അറിയിച്ചു. ടെൻഡർ നടപടികളിലൂടെയാണ് ആക്സിസ് ബാങ്ക് കാർഡ് കൊടുക്കുന്നതിനുള്ള അവകാശം സ്വന്തമാക്കിയതെന്നും മെട്രോ യാത്രക്ക് പുറമെ മറ്റു പല കാര്യങ്ങൾക്കും ഒരു ഡെബിറ്റ് കാർഡ് പോലെ കൊച്ചി-1 കാർഡ് ഉപയോഗിക്കാമെന്നും കെ.എം.ആർ.എൽ അറിയിച്ചു.

കൂടാതെ കൊച്ചി-1 ജേണി പ്ലാനർ ആപ്പ് കൂടി പുറത്തിറക്കാൻ കെ.എം.ആർ.എൽ ആലോചിക്കുന്നുണ്ട്. ഡിസ്‌കൗണ്ട് കാർഡുകൾക്കു പുറമെ സ്ഥിരം യാത്രക്കാർക്കായി സീസൺ ടിക്കറ്റ് സംവിധാനം കൊണ്ടുവരാനും മെട്രോ ആലോചിക്കുന്നുണ്ട്. ഇപ്പോൾ നിലവിലുള്ള കൊച്ചി-1 കാർഡുകളിൽ തന്നെ ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. കൊച്ചി-1 കാർഡ് ഉപയോഗിച്ച് നിശ്ചിത തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് ഇപ്പോഴുള്ള ഇരുപതു ശതമാനത്തിൽ കൂടുതൽ ഡിസ്‌കൗണ്ട് ലഭ്യമാക്കാനാണ് തീരുമാനം.