Kerala

ചരിത്രം രചിക്കാനൊരുങ്ങി കേരളം; യോഗാ ടൂര്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം

ജൂണില്‍ കേരളം പുതു ചരിത്രം കുറിയ്ക്കും . യോഗാ ടൂറിസത്തിന്റെ ആസ്ഥാനമായി കേരളം മാറാന്‍ പോകുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് നൂറിലേറെ യോഗാ അധ്യാപകര്‍ കേരളത്തില്‍ സംഗമിക്കും. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പത്തു ദിവസം ഇവര്‍ യോഗാ പര്യടനം നടത്തും. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനാണ് (അറ്റോയ്) യോഗാ ടൂറിന് പിന്നില്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആയുഷ് വകുപ്പും കേരള ടൂറിസവുമാണ് അറ്റോയ്ക്കൊപ്പം ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നത്.

150 പേരോളം ഇതിനകം യോഗാ പര്യടനത്തിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജര്‍മനി, അമേരിക്ക, സിംഗപ്പൂര്‍, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറെപ്പേരും രജിസ്റ്റര്‍ ചെയ്തത്. മിക്ക രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യമുണ്ട്. രജിസ്ട്രഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിശദാംശങ്ങള്‍  https://attoi.org/ എന്ന വെബ്സൈറ്റില്‍ ലഭിക്കും.

പര്യടനം ഇങ്ങനെ

ജൂണ്‍ 14ന് കോവളത്ത് രാജ്യാന്തര യോഗാ സമ്മേളനത്തോടെ ടൂറിന് തുടക്കമാകും. മരുത്വാ മല, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, ചടയമംഗലത്തെ ജടായുപ്പാറ, കുമരകം, മറയൂര്‍ മുനിയറ എന്നിവിടങ്ങളില്‍  സംഘം അടുത്ത ദിവസങ്ങളില്‍ യോഗാ പ്രദര്‍ശനം നടത്തും . രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ യോഗാ പ്രദര്‍ശനത്തോടെയാകും പര്യടനത്തിന് സമാപനമാവുക.

കൈകോര്‍ത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍

അറ്റോയ് യുടെ യോഗാ പര്യടനത്തില്‍ കേരള ടൂറിസവും കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ് വകുപ്പും പങ്കാളിയാണ്. ആയുഷിന്റെ വെബ്സൈറ്റില്‍ അറ്റോയ് യുടെ യോഗാ പര്യടനത്തെക്കുറിച്ച് വിശദവിവരങ്ങള്‍  http://yoga.ayush.gov.in/major-events നല്‍കിയിട്ടുണ്ട്.  ഇക്കൊല്ലത്തെ യോഗാ ദിന പരിപാടികളില്‍ മുന്തിയ സ്ഥാനമാണ് അറ്റോയ് യുടെ യോഗാ ടൂറിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ആവേശ പ്രതികരണമെന്ന് അറ്റോയ്

കേരളത്തെ യോഗാ ടൂറിസത്തിന്‍റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാറും സെക്രട്ടറി വി ശ്രീകുമാര മേനോനും പറഞ്ഞു. യോഗാ ടൂറിനോട് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം ആവേശകരമാണ്. രജിസ്ട്രേഷന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം എണ്ണം നൂറു കടന്നു. മിക്കവരും രജിസ്ട്രെഷനൊപ്പം അവരുടെ മടക്കയാത്രയുടെ വിശദാംശങ്ങള്‍ അടക്കം നല്‍കിയിട്ടുണ്ട്. കേരള ടൂറിസത്തിന്‍റെ വികസനത്തില്‍ അറ്റോയ് യുടെ നവീനാശയങ്ങള്‍ ഇതാദ്യമല്ല. നേരത്തെ സമ്മേളന ടൂറിസം (mice) കേന്ദ്രമായി കേരളത്തെ മാറ്റുന്നത് സംബന്ധിച്ചും ടൂറിസം മേഖലയില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത് സംബന്ധിച്ചും രാജ്യാന്തര സമ്മേളനങ്ങള്‍ അറ്റോയ് സംഘടിപ്പിച്ചിരുന്നു. ടൂറിസം രംഗത്തെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടലായ https://tourismnewslive.com  അറ്റോയ് യുടെ സംരംഭമാണ്.