Kerala

വിനോദസഞ്ചാര വികസനവുമായി ഇടുക്കി

ഇടുക്കി ജില്ലയിലെ മൂന്നു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന് സർക്കാരിന്‍റെ ഭരണാനുമതി. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, ഇടുക്കി ഹിൽവ്യൂ പാർക്ക്, ഇടുക്കി പാർക്ക് എന്നിവയുടെ വികസനത്തിനാണ് അനുമതി ലഭിച്ചത്.

രാജാക്കാട്–കുഞ്ചിത്തണ്ണി–അടിമാലി റോഡിൽ തേക്കിൻകാനത്തിനു സമീപമാണു ശ്രീനാരായണപുരം. പുഴയോരവും അടുത്തടുത്തുള്ള അഞ്ചു വെള്ളച്ചാട്ടങ്ങളുമാണ് മുതിരപ്പുഴയാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തിന്‍റെ പ്രത്യേകത. 2015 ഡിസംബർ 20 നാണ് ശ്രീനാരായണപുരം പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ ഒരുകോടി രൂപ ചെലവഴിച്ചാണ് സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്.

2016–17 സാമ്പത്തിക വർഷം 75,000 സഞ്ചാരികളാണ് ശ്രീനാരായണപുരത്തെത്തിയത്. 2017 ഏപ്രിൽ മുതൽ ഇന്നലെ വരെ 1,80,000 സഞ്ചാരികൾ ശ്രീനാരായണപുരത്തെത്തിയതായി ഡി.ടി.പി.സി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. സഞ്ചാരികളെ ആകർഷിക്കാൻ പുഴയ്ക്കു കുറുകെ തൂക്കുപാലം, കൈവരികളുള്ള സംരക്ഷിത നടപ്പാത, വെള്ളച്ചാട്ടത്തോടു ചേർന്നു പവിലിയൻ, ഇരിപ്പിടങ്ങൾ, കുളിക്കാനുള്ള സൗകര്യം, ശുചിമുറികൾ എന്നിവയാണു പുതുതായി നിർമിക്കുന്നത്.

ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ വ്യൂ പാര്‍ക്ക്. മനോഹരമായി സജ്ജീകരിച്ച ഈ ഉദ്യാനം 8 ഏക്കറുകളിലായ് പരന്നു കിടക്കുന്നു. ഇടുക്കി ആര്‍ച് ഡാമിനും ചെറുതോണി ഡാമിനും അടുത്തായിട്ടാണ് ഹില്‍ വ്യൂ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡാമിലെ ജലനിരപ്പിന്‍റെ 350 അടി ഉയരത്തിലാണ് പാര്‍ക്ക്.  കാട്ടിലെ മൃഗങ്ങളെ കാണാനും ബോട്ട് യാത്ര നടത്താനും ഇവിടെ സൗകര്യമുണ്ട്.