Kerala

കേരള ആര്‍ടിസിയുടെ വിഷു സ്പെഷ്യല്‍ വണ്ടികള്‍ പ്രഖ്യാപിച്ചു

ഈസ്റ്റർ തിരക്കു കഴിയും മുമ്പേ വിഷു സ്പെഷലുകളുമായി കേരള ആർ.ടി.സി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും.

വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റ് ചാർജ് കർണാടക ആർ.ടി.സിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര്യ ബസുകളിൽ 3000 രൂപവരെയുമാണ് സ്പെഷൽ സർവീസുകൾക്ക് ഈടാക്കുന്നത്. എന്നാൽ 900 രൂപയിൽ താഴെ നിരക്കിലാണ് കേരള ആർ.ടി.സിയുടെ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്.

അതേസമയം, സേലം വഴി സ്പെഷൽ പ്രഖ്യാപിക്കാത്തത് ഇത്തവണയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. മുൻകാലങ്ങളിൽ തൃശൂരിലേക്കു സേലം വഴി സ്പെഷൽ സർവീസുകൾ അനുവദിച്ചിരുന്നു. ഇത്തവണയും തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു സേലം, പാലക്കാട് വഴി സ്പെഷൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കേരള ആർ.ടി.സിയെക്കാൾ മുമ്പേ കർണാടക ആർ.ടി.സി വിഷു സ്പെഷൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉയർന്ന നിരക്കു കാരണം ടിക്കറ്റ് വിൽപന മന്ദഗതിയിലാണ്. കോട്ടയം (രണ്ട്), മൂന്നാർ (ഒന്ന്), എറണാകുളം (മൂന്ന്), തൃശൂർ (നാല്), പാലക്കാട് (മൂന്ന്), കോഴിക്കോട് (രണ്ട്), മാഹി (ഒന്ന്), കണ്ണൂർ (അഞ്ച്) എന്നിവിടങ്ങളിലേക്കായി 21 സ്പെഷലാണ് കർണാടക ഇതുവരെ അനുവദിച്ചത്.

ഏപ്രിൽ 12നും 13നുമുള്ള പ്രത്യേക സർവീസുകൾ, റൂട്ട്, സമയം

  • കോട്ടയം ഡീലക്സ് (കോഴിക്കോട് വഴി): വൈകീട്ട് 6.05ന്
  • എറണാകുളം ഡീലക്സ് (കോഴിക്കോട് വഴി): വൈകീട്ട് .6 30ന്
  • തൃശൂർ ഡീലക്സ് (കോഴിക്കോട് വഴി): രാത്രി 7.15ന്
  • കോഴിക്കോട് ഡീലക്സ് (മാനന്തവാടി): രാത്രി 9.10ന്
  • കോഴിക്കോട് എക്സ്പ്രസ് (മാനന്തവാടി): രാത്രി 9.25ന്
  • കോഴിക്കോട് ഡീലക്സ് (മാനന്തവാടി): രാത്രി 9.35ന്
  • കണ്ണൂർ എക്സ്പ്രസ് (ഇരിട്ടി, മട്ടന്നൂർ): രാത്രി 9.01ന്
  • 8. കണ്ണൂർ  ഡീലക്സ് (തലശ്ശേരി വഴി): രാത്രി 9.40ന്
  • കണ്ണൂർ ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ): രാത്രി 9.50ന്
  • പയ്യന്നൂർ എക്സ്പ്രസ് (ചെറുപുഴ): രാത്രി 10.15ന്
  • ബത്തേരി സൂപ്പർ ഫാസ്റ്റ് (ഗുണ്ടൽപേട്ട്): രാത്രി 11.55ന്

ടിക്കറ്റുകൾ കെ.എസ്ആർ.ടി.സി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: സാറ്റ്‌ലൈറ്റ് ബസ്‌ സ്റ്റാൻഡ്: 080–26756666, മജസ്റ്റിക്: 9483519508, ശാന്തിനഗർ: 080–22221755 , കലാച്ചിപാളയം: 080–26709799, പീനിയ: 8762689508.