Kerala

കേരള സര്‍ക്കാറിന്റെ ആഡംബര കപ്പല്‍ വരുന്നു

ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം.

തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്.

കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മറ്റു വിനോദങ്ങളും കപ്പലിലുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരേ സമയം 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന് കപ്പലിന് മൂന്ന് നിലകള്‍ ഉണ്ട്. ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ട് കപ്പലില്‍.

ബേപ്പൂര്‍പോലുള്ള ചെറിയ തുറമുഖങ്ങളില്‍ അടുപ്പിക്കാന്‍പറ്റും. എന്നാല്‍, യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്തുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.