Interview

യാത്രയാണ് ജീവിതം… സുജിത് ഭക്തനുമായി അഭിമുഖം

എഞ്ചിനീയര്‍ ആകേണ്ടിയിരുന്ന ഒരാള്‍ എങ്ങനെ ആയിരകണക്കിന് ആരാധകരുള്ള ബ്ലോഗറും വ്ലോഗറുമായി മാറി. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന യാത്രകളില്‍ പുതുവഴി തേടുന്ന ഒരാളായി മാറി. കെ.എസ്.ആര്‍.ടി.സി യാത്രയുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആനവണ്ടി ബ്ലോഗിന്‍റെ സ്ഥാപകന്‍, അറിയപ്പെടുന്ന വ്ലോഗര്‍ സുജിത് ഭക്തന്‍ ടൂറിസം ന്യൂസ്‌ ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ടുമായി സംസാരിക്കുന്നു.

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നും ബാംഗ്ലൂരേയ്ക്കുള്ള വഴികളാണ് സുജിത്തില്‍ യാത്രകളോടുള്ള ഇഷ്ടത്തിന്‍റെ വിത്തുപാകുന്നത്. ഇന്ന് അതൊരു മരമാണ്. പല വഴികളില്‍ പടര്‍ന്നു പന്തലിച്ച വന്‍മരം. ബ്ലോഗറായും വ്ലോഗറായും ട്രെയിനറായും യാത്രികനായും ജീവിതത്തിലെ വ്യത്യസ്ഥതകള്‍ തേടുന്ന സുജിത്തിന്‍റെ ഏറ്റവും വലിയ സ്വപ്നം സുജിത് പരിചയപ്പെടുത്തുന്ന കാഴ്ചകളിലൂടെ ആളുകള്‍ ലോകത്തിന്‍റെ വിവിധ കോണില്‍ സഞ്ചരിക്കണം എന്നാണ്.

ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്താണ് ബ്ലോഗിങ്ങിനോട് താല്‍പ്പര്യം തോന്നുന്നത്. അവിടെയുണ്ടായിരുന്ന ചില മലയാളം ബ്ലോഗര്‍മാറിലൂടെ ബ്ലോഗിങ്ങിന്‍റെ വിശാല ലോകത്തെകുറിച്ചറിഞ്ഞു. അപ്പോഴേക്കും കോഴഞ്ചേരി മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള ബൈക്ക് യാത്രകള്‍ ബ്ലോഗിങ്ങിലേയ്ക്കുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചിരുന്നു. അങ്ങനെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പൂര്‍ണ വിവരങ്ങളും യാത്രാ കുറിപ്പുകളും അടങ്ങിയ ആനവണ്ടി ബ്ലോഗ്‌ തുടങ്ങുന്നത്.

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും കോപ്പിറൈറ്റ് വാങ്ങിയാണ് ബസ് വിവരങ്ങള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസ്യതയും ഉറപ്പുവരുത്താനായി. രണ്ടു വര്‍ഷം കൊണ്ട് ആനവണ്ടിയില്‍ നിന്നും വരുമാനമുണ്ടായിത്തുടങ്ങി. ഇപ്പോള്‍ കേരളത്തിലെ എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളുടെയും വിവരങ്ങള്‍ അടങ്ങുന്ന വെബ്സൈറ്റാണ് ആനവണ്ടി. കൂടാതെ കെ.എസ്.ആര്‍.ടി.സിയെ സ്നേഹിക്കുന്ന യാത്രികരുമായി എല്ലാവര്‍ഷവും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേയ്ക്ക് യാത്രകളും നടത്തുന്നു.

ടെക്, ട്രാവല്‍, ഈറ്റ് ബ്ലോഗിനെ കുറിച്ച്

സാങ്കേതിക വിദ്യ, യാത്ര, ഭക്ഷണം. ആളുകള്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നത് കാര്യങ്ങള്‍ ഇവയൊക്കെയാണ്. അങ്ങനെയാണ് ഈ മൂന്നിലും കാര്യങ്ങള്‍ പറഞ്ഞാലോ എന്ന ആശയം ഉദിക്കുന്നത്. ചെറിയ വീഡിയോകളിലൂടെ ടൂറിസ്റ്റ് സ്ഥലങ്ങള്‍, യാത്രകളുമായി ബന്ധപ്പെട്ട് ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ, വിവിധ സ്ഥലങ്ങളിലെ ഭക്ഷണങ്ങള്‍ എന്നിവയാണ് പരിചയപ്പെടുത്തുന്നത്. വ്ലോഗിംഗ് രൂപത്തിലാണ് വിവരണങ്ങള്‍ ആളുകള്‍ക്കിടയിലേയ്ക്ക് എത്തിക്കുന്നത്.

യാത്രകളെകുറിച്ച് എഴുതുന്ന ധാരാളം ബ്ലോഗുകള്‍ ഇന്നുണ്ട്. എന്നാല്‍ വ്ലോഗിംഗ് മലയാളത്തില്‍ കുറവാണ്. ഒരു വര്‍ഷമായി വ്ലോഗിംഗ് തുടങ്ങിയിട്ട്. എന്‍റെ യാത്രകള്‍ പ്രേക്ഷകര്‍ക്ക്‌ വേണ്ടിയുള്ളതാണ്. അതു കൊണ്ടുതന്നെ എന്‍റെ കാഴ്ചകള്‍ ക്യാമറ കണ്ണിലൂടെയാണ്. എല്ലാ യാത്രകളിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ലേഖനം എഴുതുന്നതിലും കൂടുതല്‍ ഉപകാരപ്രദമാകും 20 മിനിറ്റില്‍ കൂടുതലുള്ള ഓരോ വീഡിയോ കാഴ്ചകളും. ബ്ലോഗിനെ കൂടുതലും ആശ്രയിക്കുന്നത് വിദേശമലയാളികളാണ്. ബ്ലോഗിലെ വിവരങ്ങള്‍ വെച്ച് യാത്രചെയ്യുന്നവരുമുണ്ട്.

സന്തോഷം പകരുന്ന അനുഭവങ്ങള്‍

ബ്ലോഗിലുള്ള വീഡിയോകള്‍ കണ്ട് ആളുകള്‍ വിളിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. അതാണ്‌ ഏറ്റവും വലിയ സന്തോഷം. വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് വേണ്ടി ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യാറുണ്ട്. ഇപ്പോള്‍ തായ്ലാന്‍ഡില്‍ പോയി വന്നു. അവിടുന്ന് പരിചയപ്പെടുന്ന രുചികള്‍, റിസോര്‍ട്ടുകള്‍, സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ പ്രേക്ഷകര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതൊക്കെയാണ് സന്തോഷങ്ങള്‍. എന്‍റെ അഭിപ്രായത്തില്‍ ഓരോ റിസോര്‍ട്ടുകളും ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. യാത്രകളില്‍ റിസോര്‍ട്ടുകളിലെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടാനുള്ള അവസരമുണ്ടാക്കണം ഓരോ യാത്രികനും.

കേരളത്തിനു അകത്തും പുറത്തുമുള്ള യാത്രകള്‍

യാത്രകളില്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് കേരളത്തിനകത്ത്‌ യാത്ര ചെയ്യുമ്പോഴാണ്. നമ്മുടെ സ്ഥലം എന്നുള്ള ധൈര്യം. കേരളത്തിനു പുറത്തു കടക്കുമ്പോള്‍ യാത്രയുടെ രീതികള്‍ തീര്‍ത്തും മാറും. പരിചയമില്ലാത്ത ഭാഷ, സംസ്ക്കാരം, ഭക്ഷണം, ആളുകള്‍. അങ്ങനെ എല്ലാം വ്യത്യസ്ഥം‌. പക്ഷെ കാഴ്ചകള്‍ മാറിമറയുമ്പോള്‍ വല്ലാത്ത അതിശയം തോന്നും. അവ ക്യാമറ കണ്ണുകളില്‍ പകര്‍ത്തുന്നത് യാത്രയ്ക്ക് കൂടുതല്‍ ആഹ്ലാദം നല്‍കും. കാരണം എന്‍റെ ക്യാമറതന്നെയാണല്ലോ എന്‍റെ കണ്ണുകളും കാഴ്ചയും. എവിടെ പോയാലും ആ നാട്ടിലെ ഭക്ഷണം രുചിച്ചു നോക്കും. അവിടുന്ന് കഴിക്കാന്‍ പറ്റാവുന്ന രുചികള്‍ എല്ലാം പരീക്ഷിക്കും. എന്‍റെ പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു കൊടുക്കുകയും ചെയ്യും.

ഹൃദയത്തില്‍ കയറിക്കൂടിയ അനുഭവം

അവധിക്ക് നാട്ടില്‍ വന്ന് ബംഗ്ലൂരിലേയ്ക്ക് തിരിച്ചു പോവുകയാണ്. ബൈക്കിലാണ് യാത്ര. നിലമ്പൂര്‍-ഗൂഡല്ലൂര്‍-ഗുണ്ടല്‍പേട്ട്-ബന്ദിപ്പൂര്‍ വഴിയാണ് തിരഞ്ഞെടുത്തത്. അതിരാവിലെ മൂന്നു മണിക്ക് നിലമ്പൂരില്‍ നിന്നും വഴിക്കടവ് ചുരത്തിലൂടെ വണ്ടി ഓടിച്ചുതുടങ്ങി. മഞ്ഞു നിറഞ്ഞ വഴികള്‍. കാടിന്‍റെ നടുക്കിലൂടെയാണ് പോകുന്നത്. ചെക്ക്പോസ്റ്റില്‍ തടഞ്ഞു. വഴിയില്‍ മൃഗങ്ങള്‍ ഉണ്ടാകും. ചുരം കയറരുത് എന്ന നിര്‍ദേശം കിട്ടി.

എന്നാലും സമ്മതം വാങ്ങിച്ച് ഒരു ലോറിയുടെ അരികുപറ്റി ചുരം കയറി. അല്‍പ്പം ദൂരം ചെന്നപ്പോള്‍ ഇരുനൂറില്‍ കൂടുതല്‍ മാനുകള്‍ റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്നു. വണ്ടികളുടെ ഹോണ്‍ കേട്ട് അവ ചിതറിയോടി. അകം നിറയ്ക്കുന്ന കാഴ്ച. അല്‍പ്പംകൂടി  മുകളില്‍ കയറിയപ്പോള്‍ ആനകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടു. പിന്നീട് കാട്ടുപോത്തുകളെ കണ്ടു. ശെരിക്കും ഹൃദയം നിറച്ച അനുഭവം.

സ്വപ്നം

സുജിത് ഭക്തന്‍റെ വീഡിയോകള്‍ കണ്ടാണ്‌ ഞങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന് ഓരോ യാത്രക്കാരനും പറയണം. അതാണ്‌ സ്വപ്നം. പിന്നെ പരമാവധി കാഴ്ചകള്‍ പകര്‍ത്തണം. വ്യത്യസ്ഥ രീതിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെകുറിച്ച് ആളുകളുടെ മുമ്പില്‍ അവതരിപ്പിക്കണം.പോകാന്‍ പറ്റാവുന്ന സ്ഥലങ്ങളില്‍ പോകണം. വിനോദ സഞ്ചാര മേഖലയിലെ സാധ്യതകളെ കുറിച്ച് വര്‍ക്ക്‌ഷോപ്പുകള്‍ സങ്കടിപ്പിക്കുക, ട്രെയിനിംഗ് കൊടുക്കുക ഇതൊക്കെയാണ് സ്വപ്‌നങ്ങള്‍.

നമ്മുടെ നാട്ടിലെ സ്ഥലങ്ങള്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് തന്നെ പരിചയപ്പെടുത്തണം. ഇതാണ് വേണ്ടത്. ഇപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരള ബ്ലോഗ്‌ എക്സ്പ്രസില്‍ ഇന്ത്യയില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് വേണ്ടിയിരുന്നത്. വിദേശത്ത്‌ നമ്മുടെ ടൂറിസത്തെ കൂടുതല്‍ മാര്‍ക്കറ്റ്‌ ചെയ്യാതെ ഇന്ത്യയ്ക്കകത്തു തന്നെ ചെയ്യണം. നമ്മുടെ സ്ഥലങ്ങളിലെ ടൂറിസം സാധ്യതകള്‍ ഇവിടെത്തന്നെ പ്രയോജനപ്പെടുത്തണം.

സുജിത് ഭക്തന്‍റെ യുട്യൂബ് ചാനലിന്‍റെ ലിങ്ക് ചുവടെ

https://www.youtube.com/TechTravelEat