VoxPop

സീറ്റിനും വിധിക്കും മദ്ധ്യേ പെരുവഴിയിലായ യാത്രക്കാര്‍

അതിവേഗ ബസില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകാനാവില്ലന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരിയും വിദ്യാര്‍ഥിയുമായ ഐറിന്‍ എല്‍സ ജേക്കബ് എഴുതുന്നു

ചിത്രം കടപ്പാട് : മാധ്യമം, വി ആര്‍ രാഗേഷ്

നാലു കൊല്ലം മുൻപത്തെ സംഭവമാണ്. ഡിഗ്രി ഫസ്റ്റ് ഇയർ കാലം. സ്വാഭാവികമായും കെഎസ്ആര്‍ടിസിയിൽ തന്നെയാണ് കോളേജിൽ പോകുന്നത്. (പ്രൈവറ്റ് ബസ് ഇല്ലാഞ്ഞിട്ടല്ല) ചങ്ങനാശ്ശേരി വരെ പോവാൻ രണ്ട് കൺസഷൻ കാർഡുണ്ടായിരുന്നു. നാരകത്താനി-തിരുവല്ലയും തിരുവല്ല- ചങ്ങനാശ്ശേരിയും. ഇതിൽ ഈ ആദ്യത്തെ കാർഡെടുത്തിരിക്കുന്നത് 8.20 ന് വരുന്ന കെഎസ്ആര്‍ടിസി കണ്ടിട്ടാണ്. ചുങ്കപ്പാറ- തിരുവല്ല. അതിനു പോയാൽ സമയത്തെത്തും. കാര്യങ്ങൾ അങ്ങനെ പൊക്കോണ്ടിരുന്നപ്പോ ഡ്രൈവർ മാറി. ഞാനിറങ്ങി നിൽക്കും, കൈകാണിക്കും. പക്ഷേ വണ്ടി നിർത്തുകേല. പല തവണയായി. ഈ വണ്ടി നിർത്താതെ പോയാൽ മെനക്കേടാണ്. നടക്കണം, കവല എത്തണം. അവിടുന്ന് ബസ് കേറി രണ്ട് കിലോമീറ്റർ അപ്പുറം എത്തിയാലേ പിന്നെ ഏതേലും വഴി വരുന്ന തിരുവല്ല വണ്ടി കിട്ടൂ.
അങ്ങനെ തെള്ളു കൊണ്ട് ചെന്നാലും മിക്കവാറും ലേറ്റാവുകയും ചെയ്യും, ഹാഫ് ഡേ അറ്റൻഡൻസ് പോവുകയും ചെയ്യും. ഈ ഡ്രൈവറുള്ള എല്ലാ ദിവസോം ഇത് തന്നെ അവസ്ഥ. വണ്ടി നിർത്താതെ പോയൊരു ദിവസം ഞാൻ നേരെ സ്റ്റാൻഡിൽ ചെന്ന് സ്റ്റേഷൻ മാസ്റ്ററോട് പരാതി പറഞ്ഞു.
വണ്ടീടെ നമ്പർ ചോദിച്ചു, അത് പറഞ്ഞു കൊടുത്തു. വണ്ടി സ്റ്റാൻഡിൽ തന്നെ ഉണ്ടായിരുന്നു, ഡ്രൈവറും. പുളളിയെ വിളിപ്പിച്ചു.
ഇങ്ങനൊരു പരാതി കിട്ടീട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോ ഡ്രൈവറുടെ ആദ്യത്തെ മറുപടിയാണ്,
“എന്റ സാറേ, ഈ കൊച്ചിന് വല്യ പ്രായമൊന്നുമില്ലല്ലോ. കവല വരെ നടന്നാൽ എന്താ?”
എനിക്കയാളുടെ ആ കൊച്ചേ വിളിയും ഉദാസീനതയും കണ്ടിട്ട് വന്ന കലി!
“ആൾക്കാരുടെ പ്രായം നോക്കീട്ടാണോ വണ്ടി നിർത്തുന്നത്? അങ്ങനെയാണേൽ വഴീൽ പ്രായം ഉള്ളോർ കൈ കാണിച്ചാലും വണ്ടി നിർത്തി കണ്ടിട്ടില്ലല്ലോ. ഞാൻ നാരകത്താനി തൊട്ടുള്ള ബസ് ചാർജ് അടച്ചിട്ടാണ് മൂന്ന് മാസത്തേക്ക് കാർഡ് എടുത്തിരിക്കുന്നത്. നിർത്തിയേ പറ്റൂള്ളൂ”

ഡ്രൈവറെന്നെ കലിപ്പിച്ച് നോക്കുവാണ്. ആ വഴിയിൽ ഉള്ളവർക്ക് ഈ വണ്ടി നിർത്തിയില്ലേൽ വരുന്ന പാടറിയാവുന്നതു കൊണ്ട് സ്റ്റേഷൻ മാസ്റ്റർ എന്‍റെ സൈഡായിരുന്നു. താക്കീത് ചെയ്ത ദേഷ്യത്തിന് ഡ്രൈവർ അവസാനം പറയുവാണ്,
“അങ്ങനെ എല്ലാ സ്റ്റോപ്പിലും വണ്ടി നിർത്താൻ പറ്റില്ല.”
“ഓർഡിനറി ബസല്ലേ, സൂപ്പർഫാസ്റ്റൊന്നും അല്ലല്ലോ! ”
“വണ്ടിയിൽ എല്ലാ സീറ്റിലും ആളുണ്ടെങ്കിൽ എനിക്ക് നിർത്തണ്ട കാര്യമില്ല.”

സ്റ്റേഷൻ മാസ്റ്റർ അയാളെ കലിപ്പിച്ച് നോക്കിയിട്ട്,
“നല്ലതാ, ആകെ മൂന്നോ നാലോ കെഎസ്ആര്‍ടിസി ഓടുന്ന റൂട്ടിൽ തലയെണ്ണി കേറ്റിയാ മതി. ഇങ്ങനൊക്കെ തന്നെയാ നമ്മൾ നശിക്കുന്നത് ” എന്ന് പറഞ്ഞ രംഗമെനിക്കിപ്പോഴും ഓർമ്മയുണ്ട്.

പിന്നെ ബസ് നിർത്തുമായിരുന്നു. ഞാനെവിടെ നിൽക്കുന്നോ അവിടുന്ന് നീക്കി നിർത്തും. നടത്തി കേറ്റും. ഒരു മനസുഖം.

സൂപ്പർ ഫാസ്റ്റിൽ ഇനി നിന്ന് യാത്ര ചെയ്യണ്ട എന്ന ഹൈക്കോടതി വിധി കണ്ടിട്ട് ഓർത്തു പോയതാണ്. ദൂരയാത്രയ്ക്ക് കെഎസ്ആര്‍ടിസിയെ തന്നെ ആശ്രയിക്കുന്നവന്‍റെ നിസഹായതയെ ചൂഷണം ചെയ്യുന്ന വിധിയാണ്. നിന്നും ഇടി കൊണ്ടും ആൾക്കാര് യാത്ര ചെയ്യുന്നത് വേറേ വഴിയില്ലാത്തോണ്ടാണ്. മിന്നലോ സൂപ്പർ ഡീലക്സ് എയർ ബസോ ഓൺലൈനിൽ സീറ്റ് നോക്കി ബുക്ക് ചെയ്ത് പോവാൻ പറ്റുന്നോരെ ബാധിക്കില്ല ഇതൊന്നും. അത് അറിയാത്ത, താങ്ങാൻ പറ്റാത്ത മനുഷ്യരുണ്ട്.
അവരാണ് ദീർഘദൂര ബസുകളിൽ സീറ്റിനു വേണ്ടി ഇടിച്ച് ഇടിച്ച് യാത്ര ചെയ്യുന്നത്.
കട്ടപ്പുറത്തിരിക്കുന്ന വണ്ടിയൊക്കെ ആദ്യം റോഡിലിറക്കി, മനുഷ്യർക്ക് തിരക്കു കുറഞ്ഞ് പോവാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ട് നിക്കണ്ട, ഇരുന്നാ മതി എന്നു പറഞ്ഞാൽ കൊള്ളാരുന്നു.

ഐറിന്‍ എല്‍സ ജേക്കബ്

കോട്ടയം ബസേലിയസ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ഐറിന്‍ എല്‍സ ജേക്കബ്. പത്തനംതിട്ട സ്വദേശി. നിരവധി കവിതകള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവം.