മിശ്ര വിവാഹിതരേ ഇതിലേ ഇതിലേ..

മിശ്ര വിവാഹിതര്‍ക്ക് സംരക്ഷണം നല്‍കി സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് ന്യൂസ് 18 അസിസ്റ്റന്റ് ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ എം ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

വീട്ടുകാരുടെ സമ്മർദ്ദവും സാമുദായിക മത ഭീഷണികളും കാരണം മിശ്ര വിവാഹിതരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവരും നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഇതൊക്കെ ഭയന്ന് വിവാഹം കഴിച്ചു നാടുവിട്ടു പോകേണ്ടി വന്ന എത്രയോപേർ നമുക്ക് ചുറ്റിലുമുണ്ട്. ഉത്തരേന്ത്യയിൽ ദമ്പതിമാരെ വധിക്കാനോ ഭ്രഷ്ട് കല്പിക്കാനോ ഖാപ്പ് പഞ്ചായത്തുകൾ വിധിക്കും. ദുരഭിമാന കൊലകൾ സാക്ഷര കേരളത്തിൽ പോലും ഇന്ന് യാഥാർഥ്യമാണ്. ശക്തിവാഹിനി കേസിൽ സുപ്രീം കോടതി ഇന്ന് ( 27/03/18) പുറപ്പെടുവിച്ച മാർഗ്ഗരേഖയെപ്പറ്റി അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം.

ഖാപ്പ് പഞ്ചായത്തുകളെയും ദുരഭിമാന കൊലപാതകങ്ങളും തടയാൻ നടപടി ആവശ്യപ്പെട്ടായിരുന്നു ശക്തി വാഹിനിയുടെ ഹർജി. പ്രായപൂർത്തിയായവർ തമിൽ പരസ്പര സമ്മത പ്രകാരമുള്ള വിവാഹത്തിന് കുടുംബത്തിന്റെയും സമുദായത്തിന്റെയും സമ്മതം നിർബന്ധമല്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി ന്യായം. രണ്ടുപേർ തമ്മിലുള്ള വിവാഹ ബന്ധത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്ന് ഹാദിയ കേസിൽ വ്യക്തമാക്കിയ അതേ ബെഞ്ചാണ് ഈ കേസിലും വിധി പ്രസ്ഥാവിച്ചതെന്നത് ശ്രദ്ധേയം. മുൻകരുതൽ , പരിഹാരം, ശിക്ഷ എന്നിവയ്ക്കുള്ള നടപടികൾ വ്യക്തമാക്കിയുള്ള കോടതി മാർഗരേഖ ഇങ്ങനെ:

1. ഭിന്ന സമുദായത്തിൽ നിന്നും ജാതിയിൽ നിന്നും വിവാഹം കഴിച്ച ദമ്പതിമാരെ ഭീഷണിപ്പെടുത്തിയാൽ ഐപിസി 141, 143, 503,506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണം.

2. ഭീഷണി നേരിടുന്ന ദമ്പതിമാർക്ക് ആവശ്യമായ സുരക്ഷ നൽകണം. ജില്ലാ കേന്ദ്രങ്ങളിൽ സുരക്ഷാ ഭവനങ്ങൾ സ്ഥാപിക്കണം. ബന്ധുക്കളിൽ നിന്നും സമുദായത്തിൽ നിന്നും ഭീഷണി നേരിടുന്ന ദമ്പതിമാരെയാണ് ഇവിടെ പാർപ്പിക്കേണ്ടത്. ജില്ലാ മജിസ്‌ട്രേറ്റ്, എസ്.പി എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഈ സുരക്ഷാ ഭവനങ്ങൾ. ഒരു മാസം മുതൽ പരമാവധി ഒരു വർഷം വരെ ദമ്പതികൾക്ക് ഇവിടെ താമസിക്കാം.

3. വീട്ടുകാരിൽ നിന്നും സമുദായത്തിൽ നിന്നും നേരിടുന്ന ഭീഷണികളെപ്പറ്റി പരാതി ലഭിച്ചാൽ പോലീസ് ഗൗരവത്തോടെ അത് പരിശോധിക്കണം. പരാതി നൽകിയ യുവാവിന്റെയും യുവതിയുടെയും പ്രായവും കാര്യപ്രാപ്തിയും മനസിലാക്കണം. ആവശ്യമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ പൊലീസിന് ഇവരെ സഹായിക്കാം. ഇവരെ സുരക്ഷാ ഭവനങ്ങളിൽ താമസിക്കാൻ അനുവദിക്കാം. താമസത്തിന് ദമ്പതികൾ നിശ്ചിത വാടക നൽകിയാൽ മതി.

4. ഭീഷണി സംബന്ധിച്ച് യുവതി യുവാക്കൾ നൽകുന്ന പരാതികൾ എ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം. ഐ.പി.സി 151 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. പരാതി യാഥാർത്ഥമെന്നു കണ്ടെത്തിയാൽ ഒരാഴ്ചയ്ക്കകം എസ്.പിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

5. പരാതിയിൽ അന്വേഷണം നടത്തുന്നതിലും നടപടി എടുക്കുന്നതിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം. ആറു മാസത്തിനകം നടപടി വേണം.മുൻ‌കൂർ വിവരം ലഭിച്ചിട്ടും പ്രവർത്തിക്കാതിരുന്നവർക്കെതിരെ നടപടി വേണം.

6. മിശ്ര വിവാഹിതരുടെയും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെയും പരാതികൾ സ്വീകരിക്കാൻ ജില്ലാ തലങ്ങളിൽ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കണം. 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിക്കണം.

7. ദുരഭിമാനക്കൊല, ആക്രമണങ്ങൾ എന്നിവയുടെ വിചാരണയ്ക്കായി അതിവേഗ കോടതികൾ സ്ഥാപിക്കണം. കെട്ടിക്കിടക്കുന്ന കേസുകളും പുതിയ കേസുകളും തുടര്ച്ചയായി വാദം കേട്ട് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണം.

8. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദുരഭിമാന കൊലപാതകങ്ങൾ നടന്ന പ്രദേശങ്ങൾ ഏതൊക്കെയെന്നു സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.

9. വ്യത്യസ്ത ജാതികളിലും മതത്തിലുമുള്ളവരുടെ വിവാഹത്തെപ്പറ്റി വിവരം ലഭിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ ജാഗ്രത പാലിക്കണം.

10. ഖാപ്പ് പഞ്ചായത്തുകൾ ചേരാൻ നീക്കമുണ്ടായാൽ നിയമപരമായ അനുമതി ഇല്ലെന്ന് പങ്കെടുക്കുന്നവരെ അറിയിക്കണം.
ദമ്പതിമാരെയോ കുടുംബത്തെയോ ആക്രമിക്കാൻ തീരുമാനമെടുത്താൽ ഖാപ്പ് പഞ്ചായത്തിൽ പങ്കെടുക്കുന്നവർക്ക് എതിരെ ക്രിമിനൽ കേസെടുക്കണം. ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാം.

ആറു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളും മാർഗരേഖ നടപ്പാക്കി നടപടി റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. അതായത് ആറുമാസത്തിനകം ഈ മാർഗ രേഖയിൽ പറയുന്ന സംവിധാനങ്ങൾ സ്ഥാപിക്കാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.